ഡിസംബറില്‍ ഐപിഒയ്ക്ക് ഒരുങ്ങുന്ന 7 കമ്പനികളില്‍ കല്യാണ്‍ ജ്വല്ലേഴ്‌സും ഇസാഫും; കേരളത്തില്‍ നിന്ന് ഐപിഒ ചരിത്രം കുറിക്കാന്‍ കല്യാണ്‍ ജ്വല്ലേഴ്‌സ്

November 28, 2020 |
|
News

                  ഡിസംബറില്‍ ഐപിഒയ്ക്ക് ഒരുങ്ങുന്ന 7 കമ്പനികളില്‍ കല്യാണ്‍ ജ്വല്ലേഴ്‌സും ഇസാഫും;  കേരളത്തില്‍ നിന്ന് ഐപിഒ ചരിത്രം കുറിക്കാന്‍ കല്യാണ്‍ ജ്വല്ലേഴ്‌സ്

ഡിസംബറില്‍ പ്രാഥമിക ഓഹരി വിപണിയിലേയ്ക്ക് കടക്കാനൊരുങ്ങുന്ന 7 കമ്പനികളില്‍ 2 എണ്ണം തൃശൂര്‍ ആസ്ഥാനമായുള്ള കമ്പനികള്‍. കല്യാണ്‍ ജൂവലേഴ്സും ഇസാഫുമാണ് വിപണിയിലേക്ക് കടക്കാനൊരുങ്ങുന്നത്. പ്രാഥമിക ഓഹരി വില്‍പനയിലൂടെ 1,750 കോടി രൂപ സമാഹരിക്കാനാണ് കല്യാണ്‍ ജ്വല്ലേഴ്‌സ് ലക്ഷ്യമിടുന്നത്. കേരളം ആസ്ഥാനമായ ഒരു കമ്പനിയുടെ ഏറ്റവും വലിയ ഐപിഒ ആയിരിക്കും ഇത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ട് തരത്തിലായിരിക്കും ഐപിഒ വഴി ഫണ്ട് സമാഹരിക്കുക. ആയിരം കോടി രൂപ പുതിയ ഓഹരികളുടെ വില്‍പനയിലൂടെ സമാഹരിക്കും. 750 കോടി രൂപ ഓഫര്‍ ഫോര്‍ സെയില്‍ വഴിയും സമാഹരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പ്രൊമോട്ടര്‍ ആയ ടിഎസ് കല്യാണരാമന്‍ തന്റെ കൈവശമുള്ള 250 കോടി രൂപയുടെ ഷെയറുകള്‍ വില്‍ക്കും എന്നാണ് വിവരം. കല്യാണിലെ നിക്ഷേപകരായ വാര്‍ബര്‍ പിങ്കസ് അവരുടെ 500 കോടി രൂപയുടെ ഓഹരികള്‍ ഓഫര്‍ ഫോര്‍ സെയില്‍ വഴിയും വില്‍ക്കും.
 
അതേസമയം കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുന്‍നിര സോഷ്യല്‍ ബാങ്കായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് 976 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിക്കുന്നത്. 800 കോടി രൂപ പുതിയ ഓഹരികളിലൂടെയും 176.2 കോടി രൂപ നിലവിലെ പ്രൊമോട്ടര്‍മാരുടെ ഓഹരി വിറ്റഴിച്ചും സമാഹരിക്കും.

75 ശതമാനം ഓഹരി ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ബയേഴ്‌സിനായി നീക്കിവച്ചിരിക്കുകയാണ്. 15 ശതമാനം വരെ ഓഹരികള്‍ നോണ്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഇന്‍വെസ്റ്റര്‍മാര്‍ക്കും 10 ശതമാനം റീട്ടെയ്ല്‍ ഇന്‍വെസ്റ്റര്‍മാര്‍ക്കും നീക്കിവെച്ചിരിക്കുന്നു. ഓഹരി വില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനം ബാങ്കിന്റെ മൂലധന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും.

ക്രിസില്‍ റിപ്പോര്‍ട്ട് പ്രകാരം വളര്‍ച്ചാ നിരക്കിലും റീട്ടെയില്‍ നിക്ഷേപത്തിലും മുന്‍ നിരയിലുള്ള സ്മോള്‍ ഫിനാന്‍സ് ബാങ്കാണ് ഇസാഫ്. 16 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 403 ബ്രാഞ്ചുകളും 38 അള്‍ട്രാ-സ്‌മോള്‍ ബ്രാഞ്ചുകളും 3.73 ദശലക്ഷത്തിലധികം ഉപഭോക്താക്കളുമുണ്ട് ഇസാഫിന്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും മാത്രമായി 107 ഷോറൂമുകളാണ് കല്യാണ്‍ ജ്വല്ലേഴ്‌സിന് ഉള്ളത്. ഇന്ത്യക്ക് പുറത്ത് ഗള്‍ഫിലും മറ്റുമായി 30 ഷോറൂമുകളും ഉണ്ട്. ആകെ 137 ഷോറൂമുകളാണ് കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഉടമസ്ഥതയില്‍ ഉള്ളത്. 1993 ല്‍ തൃശൂരില്‍ ആയിരുന്നു കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ തുടക്കം.

പ്രമോട്ടറും സ്ഥാപകനും ആയ ടിഎസ് കല്യാണരാമന്റേയും കുടുംബത്തിന്റേയും കൈവശമാണ് കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ 76 ശതമാനം ഓഹരികളും. ആഗോള നിക്ഷേപക സ്ഥാപനമായ വാബര്‍ബര്‍ പിങ്കസിന്റെ കൈവശമാണ് 24 ശതമാനം ഓഹരികള്‍. പലപ്പോഴായി അവര്‍ കല്യാണ്‍ ജ്വല്ലേഴ്‌സില്‍ 1,700 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. പ്രവര്‍ത്തന മൂലധന സമാഹരണത്തിനും മറ്റുമായിട്ടാണ് ഇപ്പോള്‍ ഐപിഒ നടത്തുന്നത്. ഓഗസ്റ്റ് 24 ന് ആയിരുന്നു ഇത് സംബന്ധിച്ച് സെബിയ്ക്ക് അപേക്ഷ സമര്‍പ്പിച്ചത്. ഒക്ടോബര്‍ 15 ന് ആണ് സെബി ഐപിഒ സംബന്ധിച്ച് അനുമതി നല്‍കിയത്.

Related Articles

© 2025 Financial Views. All Rights Reserved