മൂന്നാം പാദത്തില്‍ റെക്കോര്‍ഡ് നേട്ടം കൊയ്ത് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്; മൂന്നാം പാദത്തില്‍ ബാങ്ക് നേടിയത് 43.41 കോടി രൂപ

February 10, 2020 |
|
News

                  മൂന്നാം പാദത്തില്‍ റെക്കോര്‍ഡ് നേട്ടം കൊയ്ത് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്;  മൂന്നാം പാദത്തില്‍ ബാങ്ക്  നേടിയത് 43.41 കോടി രൂപ

കൊച്ചി: ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് അറ്റാദായത്തില്‍ 64.93 ശതമാനം വര്‍ധന. കഴിഞ്ഞ വര്‍ഷത്തെ മൂന്നാം പാദത്തിലെ 26.32 കോടി രൂപയുടെ ലാഭം നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 43.41 കോടി രൂപയായി ഉയര്‍ന്നു. ഈ കാലയളവിലെ സംയോജിത ലാഭം 169.76 ശതമാനം വര്‍ധിച്ച് 135.85 കോടി രൂപയിലെത്തി. നേരത്തെ ഇത് 50.36 കോടി ആയിരുന്നു. വായ്പാ വിതരണത്തിലും നിക്ഷേപങ്ങളിലും ഉണ്ടായ വളര്‍ച്ചയുടെ പിന്‍ബലത്തിലാണ് ഈ നേട്ടം.

വൈവിധ്യവല്‍ക്കരിച്ച സേവനങ്ങളും മെച്ചപ്പെട്ട ആസ്തി ഗുണമേന്മയും ഗ്രാമീണ വിപണിയുടെ മികച്ച പ്രതികരണവുമാണ് ബാങ്കിനെ മികച്ച നേട്ടം കൊയ്യാന്‍ സഹായിച്ചതെന്ന് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എംഡി കെ. പോള്‍ തോമസ് പറഞ്ഞു.

മൂന്നാം പാദത്തിലെ ബാങ്കിന്റെ അറ്റ പലിശ വരുമാനം 38.95 ശതമാനം വര്‍ധിച്ച് 202.28 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇത് 145.58 കോടി രൂപയായിരുന്നു. പലിശ ഇതര വരുമാനം 43.69 ശതമാനം വര്‍ധിച്ചു. മുന്‍ വര്‍ഷം 23.62 കോടി രൂപയായിരുന്ന ഈ വരുമാനം ഈ പാദത്തില്‍ 33.94 കോടി രൂപയായി. പ്രവര്‍ത്തന ലാഭം 51.56 കോടി രൂപയില്‍ നിന്നും 77.06 കോടിയായി വര്‍ധിച്ചു. വളര്‍ച്ച 49.20 ശതമാനം. മൊത്തം നിഷ്‌ക്രിയ ആസ്തി മുന്‍ വര്‍ഷത്തെ 0.84 ശതമാനത്തില്‍ നിന്നും 0.69 ശതമാനമായി കുറഞ്ഞത് ബാങ്കിന് നേട്ടമായി.

കറന്റ് ആന്റ് സേവിങ്സ് അക്കൗണ്ട് വിഭാഗത്തില്‍ 84.76 ശതമാനവും സ്ഥിര നിക്ഷേപത്തില്‍ 87.03 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. നിക്ഷേപം 86.74 ശതമാനം വര്‍ധിച്ച് 6,471 കോടി രൂപയിലെത്തി. മൊത്തം വായ്പാകള്‍ 35.61 ശതമാനം വര്‍ധിച്ച് 6,123 കോടി രൂപയിലുമെത്തി.

മൂലധന പര്യാപ്തതാ അനുപാതം 23.44 ശതമാനമെന്ന ആരോഗ്യകരമായ നിലയില്‍ തുടരുന്നു. മൂന്നാം പാദത്തിലെ സഞ്ചിത ഓഹരി വരുമാനം ഒരു ഓഹരിക്ക് 3.18 എന്ന നിരക്കിലാണ്. നിക്ഷേപത്തിന്‍മേലുള്ള വരുമാനം വര്‍ഷാടിസ്ഥാനത്തില്‍ 2.18 ശതമാനമെന്ന ഉയര്‍ന്ന തോതിലും തുടരുന്നു. ഇന്ത്യയിലുടനീളം 17 സംസ്ഥാനങ്ങളിലായി 35 ലക്ഷത്തോളം ഉപഭോക്താക്കളാണ് ഇസാഫിനുള്ളത്.

Related Articles

© 2025 Financial Views. All Rights Reserved