യുഎഇയിലെ പ്രമുഖ ടെലികോം കമ്പനിയായ എത്തിസലാത് 9 ബില്യണ്‍ ദിര്‍ഹം ലാഭം സ്വന്തമാക്കി

February 24, 2021 |
|
News

                  യുഎഇയിലെ പ്രമുഖ ടെലികോം കമ്പനിയായ എത്തിസലാത് 9 ബില്യണ്‍ ദിര്‍ഹം ലാഭം സ്വന്തമാക്കി

ദുബായ്: യുഎഇയിലെ പ്രമുഖ ടെലികോം സേവന കമ്പനിയായ എത്തിസലാത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 9 ബില്യണ്‍ ദിര്‍ഹം ലാഭം സ്വന്തമാക്കി. മൊത്തത്തിലുള്ള അറ്റാദായത്തില്‍ 3.8 ശതമാനം വളര്‍ച്ചയാണ് കമ്പനി നേടിയത്. യുഎഇയില്‍ ബിസിനസ് മോശമായെങ്കിലും അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങളിലെ ശക്തമായ വളര്‍ച്ചയാണ് കമ്പനിക്ക് തുണയായത്.

2020ല്‍ എത്തിസലാതിന്റെ മൊത്തത്തിലുള്ള വരിക്കാരുടെ എണ്ണം 154 ദശലക്ഷമായി. വരിക്കാരുടെ എണ്ണത്തില്‍ 3.6 ശതമാനം വാര്‍ഷിക വര്‍ധനവാണ് ഉണ്ടായത്. അതേസമയം 12 മാസത്തെ സംയോജിത വരുമാനം 0.9 ശതമാനം ഇടിഞ്ഞ് 51.7 ബില്യണ്‍ ദിര്‍ഹമായി. മൂലധന ചിലവിടലും 20 ശതമാനം കുറഞ്ഞ് 7.1 ബില്യണ്‍ ദിര്‍ഹമായി.   

2020 സാമ്പത്തിക വര്‍ഷത്തെ രണ്ടാംപകുതിയില്‍ ഓഹരിയൊന്നിന് 40 ഫില്‍സ് വീതം ലാഭവിഹിതം നല്‍കാനാണ് എത്തിസലാത് ബോര്‍ഡിന്റെ തീരുമാനം. ഇതോടെ കഴിഞ്ഞ വര്‍ഷം ഓഹരിയൊന്നിന് കമ്പനി നല്‍കിയ ലാഭവിഹിതം 80 ഫില്‍സ് ആകും. അതേസമയം ഷെയര്‍ ബൈബാക് പദ്ധതി നിര്‍ത്തിവെച്ച് ഓഹരിയൊന്നിന് 40 ഫില്‍സ് വീതം നല്‍കുന്ന പ്രത്യേക ഒറ്റത്തവണ ലാഭവിഹിതം നല്‍കാനും ബോര്‍ഡ് പദ്ധതിയിടുന്നുണ്ട്. അങ്ങനെയാകുമ്പോള്‍ വാര്‍ഷിക ലാഭവിഹിതം ഓഹരിയൊന്നിന് 1.20 ദിര്‍ഹമാകുമെന്ന് യുഎഇയിലെ ഏറ്റവും വലിയ ടെലികോം സേവന കമ്പനിയായ എത്തിസലാത് അറിയിച്ചു.

കോവിഡ്-19 മൂലമുള്ള അസാധാരണ സാഹചര്യത്തിലും മികച്ച സാമ്പത്തിക പ്രകടനമാണ് എത്തിസലാത് കാഴ്ചവെച്ചതെന്ന് കമ്പനി ഗ്രൂപ്പ് ചെയര്‍മാന്‍ ഒബെയ്ദ് ഹുമെയ്ദ് അല്‍ ടയര്‍ പ്രതികരിച്ചു. തദ്ദേശീയ വിപണിയില്‍ പ്രകടനം മോശമായെങ്കിലും അന്താരാഷ്ട്ര വിപണികളില്‍ നിന്നുള്ള വരുമാനത്തിലും അറ്റാദായത്തിലും കഴിഞ്ഞ വര്‍ഷമുണ്ടായ വളര്‍ച്ച പകര്‍ച്ചവ്യാധിയുടെയും വിപണിയുടെ പാകതയുടെയും ഫലമാണെന്ന് അല്‍ ടയര്‍ പറഞ്ഞു. പുതിയ നോര്‍മലിന്റെ നട്ടെല്ലും ശാക്തീകരണത്തിന്റെ മുഖ്യ ഉപാധിയുമാണ് ടെലികോം വ്യവസായമെന്ന് തെളിഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു.   

2020 വെല്ലുവിളിയുടെ വര്‍ഷമായിരുന്നുവെന്ന് എത്തിസലാത് ഗ്രൂപ്പ് സിഇഒ ഹതെം ദൗവിതാര്‍ പ്രതികരിച്ചു. എന്നിരുന്നാലും എല്ലാ പ്രവര്‍ത്തന മണ്ഡലങ്ങളിലും ഉപഭോക്താക്കള്‍ക്കും സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കും പിന്തുണ നല്‍കുന്നതിനുള്ള എല്ലാ നടപടികളും തങ്ങള്‍ എടുത്തിരുന്നതായി ദൗവിതാര്‍ പറഞ്ഞു. ബിസിനസ് തുടര്‍ച്ച ഉറപ്പാക്കുന്നതിലും ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും സുരക്ഷിതമായ രീതിയില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള സ്ഥിരതയാര്‍ന്ന സേവനം നല്‍കുന്നതിലുമായിരുന്നു കമ്പനിയുടെ ശ്രദ്ധയെന്നും ദൗവിതാര്‍ കൂട്ടിച്ചേര്‍ത്തു. വളര്‍ച്ചയുടെ ഗതി നിലനിര്‍ത്തിക്കൊണ്ടും വെല്ലുവിളികളെ അതിജീവിച്ചും പ്രവര്‍ത്തനം മെച്ചപ്പെടുത്തേണ്ട മേഖലകള്‍ തിരിച്ചറിഞ്ഞും പങ്കാളിത്തങ്ങള്‍ രൂപീകരിച്ചും ആഗോള എതിരാളികളേക്കാള്‍ ശക്തമായ നിലയില്‍ കമ്പനി പ്രവര്‍ത്തനം തുടരുമെന്ന് എത്തിസലാത് സിഇഒ പ്രതീക്ഷ പ്രകടിപ്പിച്ചു.    

കഴിഞ്ഞ വര്‍ഷം നാലാംപാദത്തില്‍ 2 ബില്യണ്‍ ദിര്‍ഹം അറ്റാദായമാണ് എത്തിസലാത് നേടിയത്. അതേസമയം നാലാംപാദ വരുമാനം 2.1 ശതമാനം ഇടിഞ്ഞ് 13.1 ബില്യണ്‍ ദിര്‍ഹമായി. മൂലധന ചിലവിടലും നാലാംപാദത്തില്‍ 27 ശതമാനം ഇടിഞ്ഞ് 2.9 ബില്യണ്‍ ദിര്‍ഹമായി കുറഞ്ഞു.

Related Articles

© 2024 Financial Views. All Rights Reserved