
ന്യൂഡല്‍ഹി: ഒക്ടോബബര്‍ അവസാനിക്കുന്നതിന് മുന്‍പ് ബ്രെക്‌സിറ്റ് കരാര്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനിന്റെ ശ്രമം പാര്‍ലമെന്റില്‍ പാളിയതോടെ ബ്രെക്സിറ്റിന്റെ സമയം നീട്ടി നല്‍കുന്ന കാര്യം യൂറോപ്യന്‍ യൂണിയന്‍ സജീവമായി പരിഗണിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ട്. ഇക്കാര്യം ഗൗരവത്തിലെടുത്തേക്കുമന്നാണ് വിവരം. എന്നാല്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്താന്‍ ബോറിസ് ജോണ്‍ നീക്കം നടത്തുന്നുണ്ടെന്ന അഭ്യൂഹങ്ങളും ഇപ്പോള്‍ പരന്നിട്ടുണ്ട്.
എന്നാല്‍ മൂന്നു ദിവസത്തിനകം ബില്‍ പാസാക്കണമെന്ന ബോറിസിന്റെ നിര്‍ദേശം ഹൗസ് ഓഫ് കോമണ്‍സ് തള്ളുകയും ചെയ്തിട്ടുണ്ട്. ബ്രക്‌സിറ്റ് കാലാവധി നീട്ടാന്‍ പച്ചക്കൊടി കാട്ടി യൂറോപ്യന്‍ യൂണിയനും രംഗത്തെത്തിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഒടുവില്‍ ആശങ്കകള്‍ക്ക് വിരാമമിട്ട് കൊണ്ട് യുകെയും യൂറോപ്യന്‍ യൂണിയനും കരാറോടെ പിരിയുമെന്ന് ഉറപ്പായിരിക്കുകയാണ്. അതിനിടെ ബോറിസ് പാര്‍ലിമെന്റ് പിരിച്ചു വിട്ടു തെരഞ്ഞെടുപ്പിനൊരുങ്ങുന്നുവെന്ന സൂചനയും ശക്തമാണ്.
299ന് എതിരെ 329 വോട്ടുകള്‍ ചെയ്താണ് ഹൗസ് ഓഫ് കോമണ്‍സ് തത്വത്തില്‍ ബോറിസിന്റെ ഡീല്‍ അംഗീകരിച്ചിരിക്കുന്നത്. അതിനു മുമ്പു മണിക്കൂറുകളോളം നീണ്ട സമ്മര്‍ദം നിറഞ്ഞ ചര്‍ച്ചകള്‍ ഈ ഡീലിനെ മുന്‍നിര്‍ത്തി നടന്നിരുന്നു. എന്നാല്‍ എന്തു തന്നെ സംഭവിച്ചാലും തന്റെ ഈ ഡീലിലൂടെ ഒക്ടോബര്‍ 31നകം ബ്രക്‌സിറ്റ് നടപ്പിലാക്കണമെന്ന ബോറിസിന്റെ കടുംപിടിത്തത്തിന് കൂട്ടു നില്‍ക്കാന്‍ ഹൗസ് ഓഫ് കോമണ്‍സിലെ ഭൂരിഭാഗം പേരും തയ്യാറായതുമില്ല. അതായത് ഈ മാസം ഒടുവില്‍ തന്നെ യൂണിയനോട് വിട പറയണമെന്ന ബോറിസിന്റെ രണ്ടും കല്‍പ്പിച്ചുള്ള നിലപാട് 308ന് എതിരെ 322 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടിരിക്കുന്നത്.
ഇത്രയും തിരക്കു പിടിച്ച് ഒക്ടോബര്‍ 31ന് തന്നെ ബ്രക്‌സിറ്റ് നടപ്പിലാക്കുന്നതിനെതിരെ മുന്‍ കണ്‍സര്‍വേറ്റീവ് റിബലുകള്‍ ലേബര്‍, ലിബറല്‍ ഡെമോക്രാറ്റുകള്‍, എസ്എന്‍പി എന്നിവര്‍ക്കൊപ്പം നിലകൊണ്ടതോടെ ഈ വിഷയത്തില്‍ ബോറിസിന്റെ പിടിവാശി എട്ട് നിലയില്‍ പൊട്ടുകയായിരുന്നു. തന്റെ ഡീലിനെ കോമണ്‍സ് അംഗീകരിച്ചതില്‍ കടുത്ത സന്തോഷമാണ് ബോറിസ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ബ്രക്‌സിറ്റുമായി ബന്ധപ്പെട്ട നിയമം സ്തംഭിച്ചിരിക്കുന്നുവെന്ന് അദ്ദേഹം ഓര്‍മിപ്പിക്കുകയും ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ബ്രക്‌സിറ്റുമായി ബന്ധപ്പെട്ട് ഇനിയുള്ള തീരുമാനമെടുക്കേണ്ടത് യൂറോപ്യന്‍ യൂണിയനാണെന്ന നില വീണ്ടും സംജാതമായിരിക്കുകയാണ്.