
ബ്രൂസല്‍സ്: കൊവിഡിന്റെ ഉറവിടം വുഹാനായിരുന്നെങ്കിലും, മാഹാമാരിയുടെ വ്യാപനം തുടങ്ങി ഒരു വര്‍ഷം കഴിയുമ്പോള്‍ ചൈനയ്ക്ക് വലിയ വെല്ലുവിളിയൊന്നും സാമ്പത്തിക ഭൂപടത്തിലില്ല. എന്നാല്‍ ഇനിയങ്ങോട്ട് ചൈനയുടെ കാര്യങ്ങള്‍ എളുപ്പമാകുമോയെന്നാണ് അറിയേണ്ടത്. ഇപ്പോഴിതാ യൂറോപ്യന്‍ യൂണിയനും ചൈനയില്‍ നിന്നുള്ള അലുമിനിയം ഇറക്കുമതിക്കെതിരെ ശക്തമായ നിലപാടെടുത്ത് രംഗത്ത് വന്നിരിക്കുകയാണ്.
യൂറോപ്യന്‍ യൂണിയന്‍ 48 ശതമാനം ഇറക്കുമതി തീരുവയാണ് ചൈനയില്‍ നിന്നുള്ള അലുമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് മേലെ ചുമത്തിയിരിക്കുന്നത്. ധാര്‍മ്മികതയ്ക്ക് നിരക്കാത്ത നിലയില്‍, സ്വാഭാവിക വിലയില്‍ നിന്ന് വളരെ കുറഞ്ഞ വിലയ്ക്കാണോ ചൈനയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ എത്തുന്നതെന്ന് യൂറോപ്യന്‍ യൂണിയന്‍ നിയോഗിച്ച സംഘം അന്വേഷണം നടത്തിയ ശേഷമാണ് തീരുമാനം.
ബുധനാഴ്ച മുതല്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ 304 ശതമാനം മുതല്‍ 48 ശതമാനം വരെ നികുതി ചുമത്തുമെന്ന് വ്യക്തമാക്കി. ഏപ്രിലില്‍ അന്വേഷണം അവസാനിക്കുന്നത് വരെ ഈ നികുതി നികത്ത് തുടരും. അഞ്ച് വര്‍ഷം വരെ ഇതേ നികുതി നിരക്കില്‍ ഇറക്കുമതി തുടര്‍ന്നേക്കും. യൂറോപ്പിലെ 27 രാജ്യങ്ങളില്‍ ചൈനയില്‍ നിന്നുള്ള അലുമിനിയം വന്‍തോതില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. ഗതാഗതം, നിര്‍മ്മാണം, വൈദ്യുതോര്‍ജ്ജ മേഖലകളില്‍ ചൈനയില്‍ നിന്നുള്ള അലുമിനിയം ഉപയോഗിക്കപ്പെടുന്നുണ്ട്.
എന്നാല്‍ ചൈന ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് വളരെ കുറഞ്ഞ വിലയിലാണെന്ന് യൂറോപ്യന്‍ അലുമിനിയം എന്ന യൂറോപ്യന്‍ യൂണിയന് കീഴിലെ അലുമിനിയം ഉല്‍പ്പാദകരുടെ സംഘടന പരാതിപ്പെട്ടു. അടിസ്ഥാനമില്ലാത്ത ആരോപണം എന്നായിരുന്നു ചൈനയിലെ മെറ്റല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ തിരിച്ചടിച്ചത്. ഫെബ്രുവരിയിലാണ് സംഭവത്തില്‍ യൂറോപ്യന്‍ യൂണിയന്‍ അന്വേഷണം പ്രഖ്യാപിച്ചത്.