
ബംഗളൂരു: ഇന്‍ഫോസിസില്‍ ലാഭം പെരുപ്പിക്കാന്‍ കൃത്രിമം കാട്ടിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് കമ്പനി സഹസ്ഥാപകര്‍ക്കും മുന്‍ പ്രവര്‍ത്തര്‍ക്കും എതിരെ ഉയര്‍ന്ന ആരോപണങ്ങളെ പ്രതിരോധിച്ച് ചെയര്‍മാന്‍ നന്ദന്‍ നിലേകനി. ഇന്‍ഫോസിസിന് ശക്തമായ പ്രവര്‍ത്തന സംവിധനമുണ്ട്. ദൈവത്തിന് പോലും കമ്പനിയുടെ കണക്കുകള്‍ തിരുത്താനാവില്ല. ഞങ്ങളുടെ ധനകാര്യവിഭാഗം ഈ ആരോപണങ്ങള്‍ കേട്ട് അപമാനിതരായിരിക്കുകയാണ്. ഇതൊന്നും അന്വേഷണത്തെ സ്വാധീനിക്കാന്‍ പാടില്ല, നന്ദന്‍ നിലേകനി പറഞ്ഞു. സിഇഒ സലില്‍ പരേഖ്, സി.എഫ്.ഒ നിലഞ്ജന്‍ റോയ് എന്നിവര്‍ക്കെതിരെയാണ് ചില കേന്ദ്രങ്ങളില്‍ നിന്ന് ആരോപണങ്ങള്‍ ഉയര്‍ന്നത്.
അടുത്തിടെ വിസില്‍ ബ്ലോവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ കുത്സിതമെന്നാണ് കമ്പനി വിലയിരുത്തിയത്. വിശേഷിച്ചും കമ്പനി സഹസ്ഥാപകര്‍ക്കും, മുന്‍ പ്രവര്‍ത്തകര്‍ക്കും എതിരെയുള്ളവ. ഇത്തരത്തിലുള്ള ഊഹാപോഹങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് നിലേകനി പറഞ്ഞു. കമ്പനി സഹസ്ഥാപകരുടെ സംഭാവനകളെ ഞാന്‍ മാനിക്കുന്നു. നിസ്സ്വാര്‍ഥമായാണ് അവര്‍ ഇന്‍ഫോസിസിനെ കെട്ടിപ്പടുത്തത്. അത്തരം വ്യക്തികളുടെ പ്രതിച്ഛായയെ തകര്‍ക്കാന്‍ വേണ്ടിയാണ് ഇത്തരം ആരോപണങ്ങളെന്നും നിലേകനി പറഞ്ഞു.
വിസില്‍ ബ്ലാവര്‍മാരുടെ ആരോപണങ്ങള്‍ ഗൗരവത്തോടെയാണ് പരിഗണിക്കുന്നത്. ഇതുസംബന്ധിച്ച് കമ്പനിയില്‍ ആഭ്യന്തര അന്വേഷണം ആരംഭിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.അന്വേഷണം അവസാനിച്ചാല്‍ അതിന്റെ റിപ്പോര്‍ട്ട് പുറത്ത് വിടും. നടപടികള്‍ ആവശ്യമുണ്ടെങ്കില്‍ അതുണ്ടാവുമെന്നും കമ്പനി ചെയര്‍മാന്‍ നന്ദന്‍ നിലേകേനി വ്യക്തമാക്കി. ചെലവുകള്‍ കുറച്ചുകാണിച്ച് ലാഭം ഉയര്‍ത്താന്‍ സമ്മര്‍ദംചെലുത്തിയെന്നാണ് ആരോപണം. എന്നാല്‍, ഇക്കാര്യം ഓഡിറ്റ് കമ്മറ്റിക്കു മുന്നില്‍ വെച്ചിട്ടുണ്ടെന്നും കമ്പനിയുടെ നയത്തിന് അനുസൃതമായി വിഷയം കൈകാര്യം ചെയ്യുമെന്നും ഇന്‍ഫോസിസ് അറിയിച്ചു.