
കൊച്ചി: ചൈനയില്‍ വിപണനം നടത്തിയ ബോണ്ടിന്റെ വാര്‍ഷിക പലിശ പ്രശ്‌നം തങ്ങള്‍ 'പരിഹരിച്ചു' എന്ന് എവര്‍ഗ്രാന്‍ഡെ ചെയര്‍മാന്‍ ഷു ജിയായിന്‍. പ്രഖ്യാപനത്തിന് പിന്നാലെ അവരുടെ ഓഹരി വിലയില്‍ 32 ശതമാനം വര്‍ധന. എന്നാല്‍ വിദേശരാജ്യങ്ങളില്‍ വിപണനം ചെയ്ത ബോണ്ടിന്റെ വാര്‍ഷിക പലിശ എന്നു നല്‍കുമെന്ന് അറിയിച്ചിട്ടില്ല.
പ്രശ്‌നം പരിഹരിച്ചു എന്നു പറയുന്നതിലൂടെ പണം നല്‍കിയെന്നാണു സൂചന. 260 കോടി രൂപയാണു നല്‍കാനുണ്ടായിരുന്നത്. 15000 കോടിയുടെ വിദേശ ബോണ്ടിന്റെ വാര്‍ഷിക പലിശ തുക 635 കോടി രൂപ അടയ്ക്കാന്‍ 30 ദിവസത്തെ സാവകാശമുണ്ട്. ഇനി മറ്റൊരു ബോണ്ടിന്റെ പലിശയായി മറ്റൊരു 350 കോടിയുടെ ബാധ്യത 29നു വരുന്നുമുണ്ട്. ഇവയെക്കുറിച്ചൊന്നും പറയാതെ എത്രയും വേഗം ഫ്‌ലാറ്റുകളുടെ പണി പൂര്‍ത്തിയാക്കി ഉപയോക്താക്കള്‍ക്കു കൈമാറണമെന്ന് ഷു ജിയായിന്‍ ആവശ്യപ്പെട്ടു.
പണം മുടക്കിയവര്‍ ഒട്ടേറെ ചൈനീസ് നഗരങ്ങളില്‍ പ്രതിഷേധത്തിലാണ്. ഇക്കാരണത്താല്‍ പ്രശ്‌നം പരിഹരിക്കാന്‍ രാഷ്ട്രീയ സമ്മര്‍ദവുമുണ്ട്.അതിനിടെ ചൈനീസ് കേന്ദ്ര ബാങ്കായ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന രാജ്യത്തെ ബാങ്കിങ് സമ്പദ് വ്യവസ്ഥയിലേക്ക് വന്‍ തോതില്‍ പണം നിക്ഷേപിക്കുകയും ചെയ്തു. അതോടെ ബാങ്കുകള്‍ക്കു മേലുളള സമ്മര്‍ദം കുറഞ്ഞു. എവര്‍ഗ്രാന്‍ഡെയുടെ പ്രതിസന്ധി ചൈനയില്‍ മാത്രമാണെന്നും അതൊരു ധനകാര്യ പകര്‍ച്ച വ്യാധിയായി ലോക വിപണികളെ ബാധിക്കുമെന്നു കരുതുന്നില്ലെന്നും യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍ ജറോം പവല്‍ അറിയിച്ചു.