ചന്ദ കൊച്ചാറിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കള്‍ കണ്ടുകെട്ടി; എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയത് 78 കോടിയുടെ ആസ്തികള്‍

January 10, 2020 |
|
News

                  ചന്ദ കൊച്ചാറിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കള്‍ കണ്ടുകെട്ടി; എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയത് 78 കോടിയുടെ ആസ്തികള്‍

മുന്‍ ഐസിഐസിഐ ബാങ്ക് സിഇഓ ചന്ദ കൊച്ചാറിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നടപടി. മുംബൈയിലുള്ള അവരുടെ ഫ്‌ളാറ്റും ഭര്‍ത്താവ് ദീപക് കൊച്ചാറിന്റെ കമ്പനിയുടെ ചില സ്വത്തുവകകളും കണ്ടുക്കെട്ടിയിട്ടുണ്ട്. ആകെ 78 കോടിരൂപയുടെ സ്വത്തുക്കളാണ് ഇത്തരത്തില്‍ പിടിച്ചെടുത്തത്. ഐസിഐസിഐ ബാങ്കില്‍ നിന്ന് വീഡിയോകോണിന് അന്യായമായി 1875 കോടിരൂപ വായ്പ നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ ക്രമക്കേടുകളും അഴിമതികളും അന്വേഷിക്കുന്നതിനായി ചന്ദ കൊച്ചാര്‍ ,ദീപക് കൊച്ചാര്‍, വീഡിയോകോണ്‍ പ്രൊമോട്ടര്‍ വേണുഗോപാല്‍ ധൂത് തുടങ്ങിയവര്‍ക്കെതിരെ കഴിഞ്ഞ വര്‍ഷം പി.എം.എല്‍.എ പ്രകാരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഒരു എഫ്ഐആര്‍ അടിസ്ഥാനമാക്കിയാണ് ഏജന്‍സി നടപടി സ്വീകരിച്ചത്. ഐസിഐസിഐ ബാങ്ക് ആറുവര്‍ഷം മുമ്പ് വീഡിയോകോണിന് 3,250 കോടി രൂപ വായ്പ അനുവദിച്ചതിനുപിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന പരാതിയിലാണ് സിബിഐ അന്വേഷണം നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വീഡിയോകോണ്‍ ഗ്രൂപ്പിന്റെ മുംബൈയിലും ഔറംഗാബാദിലുമുള്ള ഓഫീസുകളിലും ദീപക് കൊച്ചാറിന്റെ നേതൃത്വത്തിലുള്ള ന്യൂപവര്‍ റിന്യൂവബ്ള്‍സ്, സുപ്രീം എനര്‍ജി എന്നീ സ്ഥാപനങ്ങളിലും സിബിഐ നേരത്തെ പരിശോധന നടത്തിയിരുന്നു. മാനേജ്മെന്റ് ട്രെയിനിയായി 1984ല്‍ ഐസിഐസിഐയില്‍ ചേര്‍ന്ന കോച്ചാര്‍ 2009ലാണ് എംഡിയും സിഇഒയുമായി നിയമിതയായത്. ഇന്ത്യയില്‍ റീട്ടെയില്‍ ബാങ്കിംഗ് സമ്പ്രദായം ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായ പങ്ക് വഹിച്ച വ്യക്തിയായിരുന്നു ചന്ദ കൊച്ചാര്‍.

Related Articles

© 2024 Financial Views. All Rights Reserved