ഇറക്കുമതി ചെയ്യുന്ന മുന്നൂറോളം ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഉയര്‍ത്തുന്നു

June 19, 2020 |
|
News

                  ഇറക്കുമതി ചെയ്യുന്ന മുന്നൂറോളം ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഉയര്‍ത്തുന്നു

ന്യൂഡല്‍ഹി: ആഭ്യന്തര ഉത്പാദനം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ചൈനയില്‍ നിന്നും മറ്റിടങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന മുന്നൂറോളം ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഉയര്‍ത്താന്‍ ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇറക്കുമതി തീരുവയ്ക്ക് പുറമേ മറ്റ് വ്യാപാര തടസ്സങ്ങളും ഇന്ത്യ സൃഷ്ടിച്ചേക്കുമെന്നാണ് വിവരം. റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്ത ചില സര്‍ക്കാര്‍ രേഖകള്‍ പ്രകാരം ഏപ്രില്‍ മുതല്‍ ഇത് സംബന്ധിച്ച പദ്ധതി അവലോകനം ചെയ്യുന്നുണ്ടെന്നാണ് വിവരം.

പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ പ്രഖ്യാപിച്ച സ്വാശ്രയ പ്രചാരണത്തിന്റെ ഭാഗമാണിത്. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഇറക്കുമതി തീരുവ സംബന്ധിച്ച ഘടനകളുടെ രൂപരേഖ തയ്യാറാക്കാന്‍ സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ഇക്കാര്യം സംബന്ധിച്ച് ഇന്ത്യയുടെ ധനമന്ത്രാലയവും വ്യാപാര മന്ത്രാലയവും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

160200 ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഉയര്‍ത്തുന്നതിനും ലൈസന്‍സിംഗ് ആവശ്യകതകള്‍ അല്ലെങ്കില്‍ കര്‍ശനമായ ഗുണനിലവാര പരിശോധന പോലുള്ള താരിഫ് ഇതര തടസ്സങ്ങള്‍ മറ്റ് 100 ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നാണ് ചില ഉദ്യോഗസ്ഥരില്‍ നിന്നുള്ള വിവരം. 8-10 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇറക്കുമതിയെ ഇന്ത്യയുടെ ഈ തീരുമാനം ബാധിക്കാനിടയുണ്ട്.

തീരുമാനം ഒരു രാജ്യത്തെയും ലക്ഷ്യമിടുന്നില്ലെന്നും എന്നാല്‍ ചൈന പോലുള്ള രാജ്യങ്ങളുമായി വ്യാപാരം നടക്കുമ്പോഴുള്ള വ്യാപാരക്കമ്മി കുറയ്ക്കുന്നതിനുള്ള ഒരു മാര്‍ഗമാണിതെന്നും മറ്റ് ചില ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 2019 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ചൈനയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 88 ബില്യണ്‍ ഡോളറായിരുന്നു. വ്യാപാരക്കമ്മി 53.5 ബില്യണ്‍ ഡോളറാണ്. ലഭ്യമായ ഏറ്റവും പുതിയ വിവരം അനുസരിച്ച് 2019 ഏപ്രിലിനും 2020 ഫെബ്രുവരിയ്ക്കും ഇടയില്‍ ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി 46.8 ബില്യണ്‍ ഡോളറാണ്.

ഇറക്കുമതി ചെയ്യുന്ന എയര്‍ കണ്ടീഷണറുകള്‍ക്ക് കൂടുതല്‍ കര്‍ശനമായ ഗുണനിലവാര നിയന്ത്രണ സര്‍ട്ടിഫിക്കേഷന്‍ പോലുള്ള താരിഫ് ഇതര തടസ്സങ്ങള്‍ ബാധകമാകുമെന്നാണ് ചില സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നുള്ള സൂചനകള്‍. 2014 ല്‍ അധികാരത്തില്‍ വന്നതിനുശേഷം പ്രാദേശിക ഉല്‍പാദനത്തെ പ്രോത്സാഹിപ്പിക്കാനും സംരക്ഷിക്കാനും മോദി നിരന്തര ശ്രമം നടത്തിയിരുന്നു. അടുത്ത കാലത്തായി 'മേക്ക് ഇന്‍ ഇന്ത്യ' പരിപാടി പ്രോത്സാഹിപ്പിക്കുകയും കഴിഞ്ഞ മാസം 'ആത്മനിര്‍ഭര്‍ ഭാരത്' അഥവാ ഒരു സ്വാശ്രയ ഇന്ത്യ കാമ്പെയ്ന്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഫെബ്രുവരിയില്‍ ഇലക്ട്രോണിക് വസ്തുക്കള്‍, കളിപ്പാട്ടങ്ങള്‍, ഫര്‍ണിച്ചര്‍ തുടങ്ങിയ വസ്തുക്കളുടെ ഇറക്കുമതിക്ക് ഇന്ത്യ നികുതി ഉയര്‍ത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് വിദേശ ബിസിനസുകള്‍ക്കെതിരായ നടപടിയാണെന്ന വിമര്‍ശനവും ഉയര്‍ന്നു. പുതുതായി നിരക്ക് ഉയര്‍ത്താന്‍ മുന്നൂറോളം ഉല്‍പ്പന്നങ്ങളുടെ പട്ടിക തയ്യാറാക്കുന്നതായാണ് നിലവില്‍ ലഭിക്കുന്ന അനൌദ്യോഗിക വിവരം.

തുണിത്തരങ്ങള്‍, ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നുള്ള 3,600 ലധികം ഉല്‍പന്നങ്ങളുടെ താരിഫ് 2014 മുതല്‍ ഇന്ത്യ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഉല്‍പ്പാദനത്തിന്റെ ശക്തിയും ബലഹീനതയും കണക്കിലെടുത്ത് അതിനെ ശക്തിപ്പെടുത്തുന്നതിനുള്ള നയമാണ് സര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ട് വയ്ക്കുന്നതെന്നാണ് ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഭിപ്രായം.

Related Articles

© 2024 Financial Views. All Rights Reserved