ഈ സാമ്പത്തിക വര്‍ഷം ജിഡിപി വളര്‍ച്ച നെഗറ്റീവ് ആയേക്കാമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍

October 28, 2020 |
|
News

                  ഈ സാമ്പത്തിക വര്‍ഷം ജിഡിപി വളര്‍ച്ച നെഗറ്റീവ് ആയേക്കാമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ജിഡിപി വളര്‍ച്ച നിരക്ക് പൂജ്യത്തിലോ അതിനുതാഴെയോ എത്തിയേക്കാമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. അതേസമയം അണ്‍ലോക്ക് പ്രക്രിയ നടപ്പാക്കിയതോടെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ പുനരുജ്ജീവനത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയതായും അടുത്ത വര്‍ഷത്തോടെ ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥകളിലൊന്നായി മാറുമെന്നും ധനമന്ത്രി പറഞ്ഞു. സെറവീക്കിന്റെ ഇന്ത്യ എനര്‍ജി ഫോറത്തില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി.
 
ഇന്ത്യയുടെ സാമ്പത്തിക പുനരുജ്ജീവനം സുസ്ഥിരവും ശക്തവുമായിരിക്കും. ഉത്സവകാലം സമ്പദ്വ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്തും, മൂന്നാമത്തെയും നാലാമത്തെയും പാദങ്ങളിലെ വളര്‍ച്ചയുടെ പ്രതീക്ഷകളെ അവ പുനരുജ്ജീവിപ്പിക്കും,മന്ത്രി പറഞ്ഞു. കോവിഡ് -19 പ്രതിസന്ധി നേരിട്ട ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 23.9 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ലോക്ക്ഡൗണിനെയും ധനമന്ത്രി ന്യായീകരിച്ചു. ഉപജീവനത്തേക്കാള്‍ ജനത്തിന്റെ ജീവനാണ് സര്‍ക്കാര്‍ പ്രധാന്യം നല്‍കിയതെന്ന് അവര്‍ പറഞ്ഞു. പകര്‍ച്ചവ്യാധിയെ നേരിടാന്‍ തയ്യാറെടുപ്പ് നടത്താനും ലോക്ക്ഡൗണ്‍ മൂലം സമയം ലഭിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അണ്‍ലോക്കിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ നീക്കിതുടങ്ങിയതോടെ സമ്പദ് വ്യവസ്ഥ പുനരുജ്ജീവിക്കുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങി.സെപ്റ്റംബറില്‍ എട്ട് വര്‍ഷത്തിനിടെ ഇന്ത്യയുടെ ഫാക്ടറി പ്രവര്‍ത്തനം അതിവേഗം വികസിച്ചതായി ഐഎച്ച്എസ് മാര്‍ക്കിറ്റ് തയ്യാറാക്കിയ സര്‍വേ വ്യക്തമാക്കുന്നുണ്ടെന്നും ധനമന്ത്രി ചൂണ്ടി്കകാട്ടി.പ്രാഥമിക മേഖല, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട മേഖലകള്‍, ഗ്രാമീണ ഇന്ത്യ എന്നിവയെല്ലാം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെന്ന് സൂചകങ്ങള്‍ വ്യക്തമാക്കുന്നു. കാര്‍ഷിക ഉപകരണങ്ങള്‍, ട്രാക്ടറുകള്‍, വാഹനങ്ങള്‍ എന്നിവയ്ക്കുള്ള ആവശ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഫെസ്റ്റിവല്‍ സീസണ്‍ ഇന്ത്യയില്‍ ആരംഭിച്ചു, അതിന്റെ ഫലമായി ആവശ്യം വര്‍ദ്ധിക്കുകയും സുസ്ഥിരമാവുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

Related Articles

© 2024 Financial Views. All Rights Reserved