
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഐടി ഭീമനായ ടിസിഎസ് ഇപ്പോള്‍ പുതിയ നേട്ടം കൈവരിക്കാനുള്ള ഒരുക്കത്തിലാണ്. ഇന്ത്യയിലും, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും കൂടുതല്‍ വളര്‍ച്ച നേടാനുള്ള ഒരുക്കത്തിലാണ് ടിസിഎസ് എന്നാണ് റിപ്പോര്‍ട്ട്. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്റെ (ടിസിഎസ്) വരുമാനം 20 ബില്യണ്‍ ഡോളറെന്നാണ് റിപ്പോര്‍ട്ടിലൂടെ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. അതേസമയം ടിസിഎസ് വരുമാനം കുറഞ്ഞ രാഷ്ട്രങ്ങളില്‍ കൂടുതല്‍ നേട്ടം കൊയ്യാനുള്ള തയ്യാറെടുപ്പാണ് ഇപ്പോള്‍ നടത്തുന്നത്.
യുഎസ്, ജപ്പാന്‍, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളിലും കൂടുതല്‍ നേട്ടം കൊയ്യാനുള്ള തയ്യാറെടുപ്പാണ് കമ്പനി ഇപ്പോള്‍ എടുത്തിട്ടുള്ളത്. ഇതിനായി കമ്പനയില്‍ വിപുലീകരണ പദ്ധതികളും നടപ്പിലാക്കിയേക്കുമെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ടിസിഎസിന്റെ ആകെ വരുമാനത്തിന്റെ ഏറിയ പങ്കും അമേരിക്കയില്‍ നിന്നാണ്. ഏകദേശം 53 ശതമാനം വരുമെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഇതില്‍ 29 ശതമാനം യൂറോപ്പില്‍ നിന്നും, 5.7 ശതമാനം ഇന്ത്യയില്‍ നിന്നുമാണ്. 11.36 ശതമാനം മറ്റ് രാജ്യങ്ങളില്‍ നിന്നുമാണ്.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ അറ്റാദായം 2018-2019 സാമ്പത്തിക വര്‍ഷം 31,562 കോടി രൂപയിലെത്തിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. കമ്പനിയുടെ ആകെ വരുമാനം 1.46 ലക്ഷം കോടി രൂപയിലേക്ക് ഉയര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ ഏറ്റവും മൂല്യമുള്ള കമ്പനിയാണ് ടിസിഎസ്. ഇന്ത്യയില്‍ 100 ബില്യണ്‍ ഡോളര്‍ മൂല്യത്തിലേക്കെത്തിയ ഏക കമ്പനിയും കൂടിയാണ് ടിസിഎസ്.