
ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍, ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസ് ആണ്. ചരിത്രത്തില്‍ ആദ്യമായി 200 ബില്യണ്‍ ഡോളര്‍ ആസ്തിമൂല്യം സ്വന്തമാക്കിയ ആളാണ് ബെസോസ്. ആമസോണിന്റെ ഓഹരി മൂല്യം ഉയര്‍ന്നതാണ് ബെസോസിനെ സമ്പത്തിന്റെ കൊടുമുടിയില്‍ എത്തിച്ചത്.
ജെഫ് ബെസോസ് സമ്പന്നനാകുന്നതിനൊപ്പം അദ്ദേഹത്തിന്റെ മുന്‍ ഭാര്യയും എഴുത്തുകാരിയും ജീവകാരുണ്യപ്രവര്‍ത്തകയും ആയ മക്കെന്‍സി സ്‌കോട്ടും പുതിയ ചരിത്രം എഴുതുകയാണ്. ഓഗസ്റ്റ് 31 ന് ബ്ലൂംബെര്‍ഗിന്റെ കണക്ക് പ്രകാരം ലോകത്തിലെ ഏറ്റവും സമ്പന്നയായ സ്ത്രീയായി മാറി മക്കെന്‍സി സ്‌കോട്ട്. സെപ്തംബര്‍ 2 വരേയും അവര്‍ തന്നെയാണ് ഈ പദവിയില്‍ ഉള്ളത്. 67.4 ബില്യണ്‍ ഡോളര്‍ ആണ് സ്‌കോട്ടിന്റെ ഇപ്പോഴത്തെ ആസ്തി. ഏതാണ്ട് അഞ്ച് ലക്ഷം കോടി രൂപയോളം വരും ഇത്.
ഓഹരി വിപണിയില്‍ ആമസോണ്‍ ഉണ്ടാക്കിയ നേട്ടമാണ് മക്കെന്‍സി സ്‌കോട്ടിന്റെ നേട്ടത്തിനും പിറകില്‍. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഉണ്ടായിരുന്നതിനേക്കാള്‍ 30.3 ബില്യണ്‍ ഡോളറിന്റെ ആസ്തിമൂല്യമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ലോറിയല്‍ എസ്എ അവകാശി ഫ്രാങ്കോയിസ് ബെറ്റന്‍കോര്‍ട്ട് മെയേഴ്സ് ആയിരുന്നു ഏറെ നാളായി ലോകത്തിലെ ഏറ്റവും സമ്പന്നയായ വനിത. അവരെയാണ് സ്‌കോട്ട് മറികടന്നിരിക്കുന്നത്. ഇപ്പോള്‍ രണ്ടാം സ്ഥാനത്തുള്ളതും ഈ ഫ്രഞ്ചുകാരി തന്നെയാണ്. 66.3 ബില്യണ്‍ ഡോളര്‍ ആണ് ആസ്തി.
ലോകത്തിലെ ഏറ്റവും സമ്പന്നയായ സ്ത്രീ, ലോകത്തിലെ ആദ്യ പത്ത് സമ്പന്നരില്‍ ഉള്‍പ്പെടുന്നില്ല എന്നതാണ് മറ്റൊരു കാര്യം. നിലവില്‍ 12-ാം സ്ഥാനത്താണ് മക്കെന്‍സി സ്‌കോട്ടിന്റെ സ്ഥാപനം. ഫ്രാങ്കോയിസ് ബെറ്റെന്‍കോര്‍ട്ട് മെയേഴ്സ് 13-ാം സ്ഥാനത്തും. കഴിഞ്ഞ വര്‍ഷമാണ് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസും മക്കെന്‍സി സ്‌കോട്ടും വിവാഹമോചിതരായത്. 25 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കുമ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ സെറ്റില്‍മെന്റ് കരാര്‍ ആയിരുന്നു ജെഫ് ബെസോസ് ഒരുക്കിയിരുന്നത്.
ആമസോണില്‍ തങ്ങള്‍ക്കുണ്ടായിരുന്ന ഓഹരികളുടെ 25 ശതമാനം ആണ് കരാര്‍ പ്രകാരം മക്കെന്‍സി സ്‌കോട്ടിന് ലഭിച്ചത്. ആമസോണിന്റെ മൊത്തം ഓഹരികളുടെ നാല് ശതമാനം വരും ഇത്. ഇതോടെയാണ് മക്കെന്‍സി സ്‌കോട്ടിന്റെ പേര് ശതകോടീശ്വര പട്ടികയില്‍ ഇടം നേടിയതും. തന്റെ സ്വകാര്യ സമ്പാദ്യത്തിന്റെ പാതിയെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചുകൊള്ളാം എന്ന് പ്രതിജ്ഞയെടുത്ത ആളാണ് മക്കെന്‍സി സ്റ്റോക്ക്. ബില്‍ ഗേറ്റ്സും വാരന്‍ ബഫറ്റും തുടക്കമിട്ട ഗിവിങ് പ്ലഡ്ജ് കാമ്പയിനിന്റെ ഭാഗമായിട്ടായിരുന്നു ഇത്. ജെഫ് ബെസോസിന്റെ ഭാര്യ എന്ന നിലയില്‍ മാത്രമായിരുന്നില്ല പണ്ടും മക്കെന്‍സി സ്‌കോട്ടിന്റെ വ്യക്തിത്വം. അവര്‍ അറിയപ്പെടുന്ന ഒരു നോവലിസ്റ്റ് കൂടി ആണ്. രണ്ട് പുസ്തകങ്ങളാണ് ഇവര്‍ എഴുതിയിട്ടുള്ളത്.