കോവിഡ് പ്രതിരോധം: വാക്‌സിന്‍ ചെലവെത്ര?

January 13, 2021 |
|
News

                  കോവിഡ് പ്രതിരോധം: വാക്‌സിന്‍ ചെലവെത്ര?

കോവിഡിനെതിരെ പ്രതിരോധകുത്തിവെയ്പ്പിന് ഇന്ത്യ തയ്യാറെടുക്കുകയാണ്. കോവിഷീല്‍ഡ്, കോവാക്സിന്‍ മരുന്നുകള്‍ കേന്ദ്ര സര്‍ക്കാര്‍ വാങ്ങി വിതരണം ചെയ്യാന്‍ തുടങ്ങി. രാജ്യത്തെ ജനതയുടെ 0.6 ശതമാനം ആളുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് ലഭിക്കുക. പറഞ്ഞുവരുമ്പോള്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന കോവിഷീല്‍ഡ് മുന്‍പ് പ്രവചിച്ച വിലയില്‍ത്തന്നെയാണ് വില്‍പ്പനയ്ക്കെത്തുന്നത്. ഇതേസമയം, ഭാരത് ബയോടെക്കിന്റെ കോവാക്സിന് ആദ്യം പ്രവചിച്ചിരുന്നതിലും നാലിരട്ടി വിലയുണ്ട്.

നേരത്തെ, കോവാക്സിന്‍ 'ബാക്കപ്പ്' വാക്സിനായി ഉപയോഗിക്കാനായിരുന്നു കേന്ദ്രം ആലോചിച്ചത്. എന്നാല്‍ കോവാക്സിനും കോവിഷില്‍ഡും ഒരുപോലെ ഉപയോഗിക്കാനാണ് പുതിയ തീരുമാനം. സര്‍ക്കാര്‍ നല്‍കിയ ആദ്യ ഓര്‍ഡറില്‍ 33 ശതമാനം കോവാക്സിനാണെന്നും ഇവിടെ പ്രത്യേകം സൂചിപ്പിക്കണം.

തിങ്കളാഴ്ച്ചയാണ് കൊവിഡ് പ്രതിരോധ വാക്സിന് ഇന്ത്യാ ഗവണ്‍മെന്റ് ആദ്യ ഓര്‍ഡര്‍ നല്‍കിയത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡിന് മൂന്നു ഡോളറാണ് ഡോസിന് വില. എന്നാല്‍ ഭാരത് ബയോടെക്ക് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്സിന് വില 4.2 ഡോളര്‍ തൊടും. നേരത്തെ, ഒരു ഡോളറായിരിക്കും ഭാരത് ബയോടെക്ക് വാക്സിന് വിലയെന്ന് സൂചനകളുണ്ടായിരുന്നു. എന്തായാലും പുതിയ വില അടിസ്ഥാനപ്പെടുത്തുമ്പോള്‍ ഇന്ത്യ മൊത്തം വാക്സിന്‍ പ്രതിരോധം ഉറപ്പുവരുത്താന്‍ കേന്ദ്രത്തിന് 8.2 മുതല്‍ 11.6 ബില്യണ്‍ ഡോളര്‍ വരെ ചിലവു വരും.

എന്നാല്‍ വിപണിയില്‍ കൂടുതല്‍ വാക്സിനുകള്‍ ലഭ്യമായിത്തുടങ്ങിയാല്‍ കോവിഡ് വാക്സിനുകള്‍ക്ക് വില കുറയാം. ഉയര്‍ന്ന തോതില്‍ സര്‍ക്കാര്‍ ഓര്‍ഡറുകള്‍ നല്‍കുന്നപക്ഷവും വാക്സിനുകള്‍ക്ക് വില കുറയാന്‍ സാധ്യതയേറെയാണ്. നിലവില്‍ ജനതയുടെ 0.6 ശതമാനം ആളുകള്‍ക്ക് മാത്രമേ സര്‍ക്കാര്‍ വാങ്ങി വിതരണം ചെയ്തിരിക്കുന്ന വാക്സിനുകള്‍ തികയുകയുള്ളൂ. രണ്ടാഴ്ച്ചക്കാലംകൊണ്ടു വാങ്ങിയ വാക്സിനുകളെല്ലാം തീരും.

ജനുവരി അവസാന വാരത്തോടെ കൂടുതല്‍ ഉയര്‍ന്ന ഓര്‍ഡറുകള്‍ക്ക് കേന്ദ്രം മുന്‍കയ്യെടുക്കുമെന്നാണ് ഇപ്പോഴത്തെ സൂചന. എന്തായാലും ജനതയുടെ രണ്ടു ശതമാനത്തിന് വാക്സിനെത്തിക്കാനുള്ള ചിലവുകള്‍ പൂര്‍ണമായും വഹിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതായത് സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രം പണംപിരിക്കില്ല. എന്തായാലും വാക്സിന്‍ ചിലവുകള്‍ സംസ്ഥാനങ്ങളും പങ്കിടാന്‍ ആരംഭിക്കുന്നതോടെ വാക്സിന് വിലകുറയുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഒരുപക്ഷെ കുറഞ്ഞ വിലയില്‍ വാക്സിന്‍ ലഭ്യമാക്കാന്‍ സംസ്ഥാനങ്ങള്‍ ടെണ്ടര്‍ നടപടികളെ കുറിച്ചും ആലോചിച്ചേക്കും.

Related Articles

© 2021 Financial Views. All Rights Reserved