
മുംബൈ: ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് രാജ്യത്തെ ചില തുറമുഖങ്ങളില്‍ കസ്റ്റംസ് പരിശോധന ശക്തമാക്കിയത് ചരക്കു നീക്കത്തെ ബാധിക്കുന്നതായി വ്യവസായ സംഘടനകള്‍. ചെന്നൈ തുറമുഖത്തെത്തുന്ന ഇത്തരം ഉത്പന്നങ്ങള്‍ പൂര്‍ണമായി പരിശോധിച്ച ശേഷമേ പുറത്തേക്ക് നല്‍കൂവെന്ന നിലപാടിലാണ് കസ്റ്റംസ് അധികൃതര്‍. വാഹനഘടകങ്ങള്‍, മരുന്നുനിര്‍മാണത്തിനാവശ്യമായ രാസസംയുക്തങ്ങള്‍, മൊബൈല്‍ ഫോണ്‍ ഘടകങ്ങള്‍, ടാബ്ലെറ്റുകള്‍ തുടങ്ങിയവയെല്ലാം ഇത്തരത്തില്‍ കെട്ടിക്കിടക്കുന്നുണ്ട്.
ഇതുവരെ ഇടയില്‍ നിന്ന് ഉത്പന്നങ്ങളെടുത്ത് പരിശോധിക്കുകയാണ് ചെയ്തിരുന്നത്. പകരം ഉത്പന്നങ്ങളെല്ലാം വിശദമായി പരിശോധിക്കാനാണ് കസ്റ്റംസ് തീരുമാനിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയതായി അറിവില്ല. ധനമന്ത്രാലയം ഇതേക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ലോക്ഡൗണില്‍ തടസ്സപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍വസ്ഥിതിയിലായി വരുന്നതേ ഉള്ളൂ.
വിതരണശൃംഖല തടസ്സപ്പെടുന്നത് വ്യവസായമേഖലയ്ക്ക് കനത്ത തിരിച്ചടിയാകുമെന്ന് വ്യവസായ സംഘടനയായ ഫിക്കി സര്‍ക്കാരിനെ അറിയിച്ചുകഴിഞ്ഞു. ആപ്പിള്‍, ഫോക്‌സ്‌കോണ്‍, ഷവോമി, ഒപ്പോ, വിവോ തുടങ്ങിയ മൊബൈല്‍ഫോണ്‍ നിര്‍മാണകമ്പനികളെ പ്രതിനിധാനം ചെയ്യുന്ന ഇന്ത്യ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് അസോസിയേഷന്‍ (ഐ.സി.ഇ.എ.), ഐ.ടി. ഹാര്‍ഡ്വേര്‍ കമ്പനികളുടെ കൂട്ടായ്മയായ മെയിറ്റ് (എം.എ.ഐ.ടി.) എന്നീ സംഘനടകളും വിഷയം സര്‍ക്കാരിനുമുമ്പാകെ ഉന്നയിച്ചിട്ടുണ്ട്.
ഉയര്‍ന്ന വിലയുള്ള ഉത്പന്നങ്ങളുടെ പായ്ക്ക് ഇടയ്ക്കുവെച്ച് അഴിക്കുന്നതിലൂടെ പലതും ഉപയോഗശൂന്യമായി മാറുമെന്നും വില്‍ക്കാന്‍ കഴിയാതെവരുമെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. എക്‌സ്‌റേ സ്‌കാനിങ്, ഡോഗ് സ്‌ക്വാഡ് സേവനങ്ങള്‍ പരിശോധനയ്ക്കായി പ്രയോജനപ്പെടുത്തി ചരക്കുനീക്കം വേഗത്തിലാക്കണമെന്നും ഇവര്‍ വിവിധ മന്ത്രാലയങ്ങളോട് അഭ്യര്‍ഥിച്ചു.
പരിശോധനയെത്തുടര്‍ന്ന് രാജ്യത്തെ ചൈനീസ് കമ്പനികള്‍ക്ക് ഘടകങ്ങള്‍ എത്തിക്കുന്നതില്‍ തടസ്സം നേരിടുന്നതായും ഇതുസംബന്ധിച്ച് വ്യക്തത വരുത്തണമെന്നും ചൈനീസ് സര്‍ക്കാരും ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായ ശേഷമാണ് തുറമുഖങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്.
എന്നാല്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതി പരമാവധി കുറയ്ക്കണമെന്ന ആവശ്യമാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഉയര്‍ത്തുന്നത്. ഗണപതി വിഗ്രഹങ്ങള്‍ പോലും ചൈനയില്‍ നിന്ന് ഇറക്കുമതി ചെയുന്ന അവസ്ഥയാണുള്ളതെന്നും അത് മാറണമെന്നും ബിജെപിയുടെ തമിഴ്‌നാട് ഘടകത്തെ ഓണ്‍ലൈന്‍ വഴി അഭിസംബോധന ചെയ്യവേ പറഞ്ഞു.
അതേസമയം ഇറക്കുമതി ഒട്ടും ചെയ്യരുതെന്ന് സ്വാശ്രയ ഇന്ത്യ (ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍) അര്‍ത്ഥമാക്കുന്നില്ല. വ്യാവസായിക വളര്‍ച്ചയ്ക്കും ഇവിടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ആവശ്യമായ ഇറക്കുമതികള്‍ ചെയ്യാം എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രാദേശികമായി ലഭ്യമാകുന്നവയ്ക്കു പകരവും ഇറക്കുമതിയെ ആശ്രയിക്കുന്ന സാഹചര്യമാണ് മാറേണ്ടത്.