ആമസോണില്‍ ഇന്ത്യയുടെ വന്‍ കുതിച്ചുചാട്ടം; വ്യാപാരികള്‍ ആമസോണിലൂടെ നടത്തിയ കയറ്റുമതി 3 ബില്യണ്‍ ഡോളര്‍ മറികടന്നു

April 09, 2021 |
|
News

                  ആമസോണില്‍ ഇന്ത്യയുടെ വന്‍ കുതിച്ചുചാട്ടം; വ്യാപാരികള്‍ ആമസോണിലൂടെ നടത്തിയ കയറ്റുമതി 3 ബില്യണ്‍ ഡോളര്‍ മറികടന്നു

ന്യൂഡല്‍ഹി: ഇ-കൊമേഴ്സ് മേഖലയിലെ ലോകത്തിലെ തന്നെ വമ്പന്‍മാരാണ് ജെഫ് ബെസോസിന്റെ ആമസോണ്‍. ഇന്ത്യയിലെ സ്ഥിതിയും അങ്ങനെ തന്നെ. ആമസോണില്‍ നിന്ന് വരുന്ന് ഇന്ത്യക്ക് ഏറെ അഭിമാനിക്കാവുന്ന ഒരു വിവരമാണ്. ഇന്ത്യയിലെ ചെറുകിട, ഇടത്തരം വ്യാപാരികള്‍ ആമസോണ്‍ ഇന്ത്യ വഴി നടത്തിയ കയറ്റുമതി മൂന്ന് ബില്യണ്‍ ഡോളര്‍ മറികടന്നു. പ്രാദേശിക വിപണികളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ആഗോള വിപണയില്‍ എത്തിക്കുക എന്ന ആമസോണിന്റെ പദ്ധതി പ്രകാരമാണ് കയറ്റുമതി.

ഇന്ത്യയില്‍ നിന്നുള്ള ചെറുകിട, ഇടത്തരം വ്യാപാരികളുടെ ആമസോണ്‍ വഴിയുള്ള കയറ്റുമതി മൂന്ന് ബില്യണ്‍ ഡോളര്‍ കവിഞ്ഞു എന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ ഇത് 22,373 കോടിയില്‍ ആധികം വരും. ആമസോണിന്റെ ഈ പദ്ധതി പ്രകാര്യം രാജ്യത്ത് പത്ത് ലക്ഷം ജോലികള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് എന്നാണ് അവരുടെ അവകാശവാദം. 25 ലക്ഷത്തോളം ചെറുകിട, ഇടത്തരം സംരംഭങ്ങളെ ഡിജിറ്റൈസ് ചെയ്യാനും തങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട് എന്നും കമ്പനി അവകാശപ്പെടുന്നു.

ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഡിജിറ്റൈസേഷന് വേണ്ടി തങ്ങള്‍ ഒരു ബില്യണ്‍ ഡോളര്‍ ഇന്ത്യയില്‍ നിക്ഷേപിക്കുമെന്ന് ജെഫ് ബെസോസ് തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. 2020 ജനുവരിയില്‍ നടത്തിയ ഇന്ത്യാ സന്ദര്‍ശനത്തിലായിരുന്നു ഇത്. 2025 ഓടെ ആമസോണ്‍ വഴിയുള്ള ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി 10 ബില്യണ്‍ ഡോളര്‍ ആക്കാനും ലക്ഷ്യമിടുന്നുണ്ട്.

ആമസോണിന്റെ 'ഗ്ലോബല്‍ സെല്ലിങ്' പദ്ധതി ഇന്ത്യയില്‍ ആരംഭിക്കുന്നത് 2015 ല്‍ ആണ്. ഇന്ത്യയില്‍ നിന്നുള്ള വില്‍പനക്കാരുടെ ഏറ്റവും വലിയ ആമസോണ്‍ വിപണി അമേരിക്കയാണ്. കഴിഞ്ഞ വര്‍ഷം ജൂലായില്‍ തന്നെ ഇന്ത്യയില്‍ നിന്നുള്ള വ്യാപാരികളുടെ കയറ്റുമതി മൂല്യം രണ്ട് ബില്യണ്‍ ഡോളര്‍ കടന്നിരുന്നു. കൊവിഡ് വ്യാപനം എല്ലാ മേഖലകളേയും ബാധിച്ചതുപോലെ ഇ കൊമേഴ്സ് മേഖലയേയും വലിയ തോതില്‍ ബാധിച്ചിരുന്നു. എന്നാല്‍ പിന്നീട് വലിയ ഉയര്‍ച്ചയും ഈ മേഖലയില്‍ ദൃശ്യമായി. എന്തായാലും ഈ കൊവിഡ് കാലത്ത് തന്നെയാണ് ഒരു ബില്യണ്‍ ഡോളറിന്റെ കയറ്റുമതി വളര്‍ച്ച ഇന്ത്യയില്‍ നിന്നുള്ള വ്യാപാരികള്‍ നേടിയത് എന്നതും ശ്രദ്ധേയമാണ്.

2015 ല്‍ ഗ്ലോബല്‍ സെല്ലിങ് പദ്ധതി തുടങ്ങിയെങ്കിലും ഇന്ത്യയിലെ വളര്‍ച്ച പതുക്കെ ആയിരുന്നു. മൂന്ന് വര്‍ഷമെടുത്തു ആദ്യമായി ഒരു ബില്യണ്‍ ഡോളര്‍ മറികടക്കാന്‍. രണ്ട് ബില്യണ്‍ ആകാന്‍ ഒന്നര വര്‍ഷമാണ് എടുത്തത്. ഏറ്റവും ഒടുവില്‍ മൂന്നാമത്തെ ബില്യണിലേക്ക് എത്താന്‍ എടുത്തത് ഒരു വര്‍ഷം മാത്രം. ആമസോണില്‍ ഷോപ്പിങ് നടത്താന്‍ പ്രാദേശിക ഭാഷയും ഉപയോഗിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഹിന്ദി, മലയാളം, തമിഴ്, മറാത്തി, കന്നഡ തുടങ്ങിയ ഭാഷയില്‍ സാധനങ്ങള്‍ ആമസോണില്‍ തിരയാനാകും. പ്രദേശിക ഭാഷാ മാര്‍ക്കറ്റില്‍ മാത്രം 75,000 വില്‍പനക്കാര്‍ ആണ് ആസമോണ്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Related Articles

© 2025 Financial Views. All Rights Reserved