കയറ്റുമതി രംഗത്ത് സുസ്ഥിരമായ വളര്‍ച്ചയെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം

September 16, 2021 |
|
News

                  കയറ്റുമതി രംഗത്ത് സുസ്ഥിരമായ വളര്‍ച്ചയെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം

ഇന്ത്യയിലെ കയറ്റുമതി രംഗത്ത് ജൂലൈ, ഓഗസ്റ്റ് മാസങ്ങള്‍ ഒഴിച്ചാല്‍ സുസ്ഥിരമായ വളര്‍ച്ചയാണ് ഉണ്ടാകുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. എഞ്ചിനീയറിംഗ് സാധനങ്ങള്‍, പെട്രോളിയം ഉത്പന്നങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, സമുദ്ര ഉല്‍പ്പന്നങ്ങള്‍, ഇലക്ട്രോണിക്‌സ്, തുണിത്തരങ്ങള്‍ തുടങ്ങിയ മേഖലകളിലെ മികച്ച പ്രകടനമാണ് കയറ്റുമതി രംഗത്ത് ഉണ്ടായത്. ചൊവ്വാഴ്ച പുറത്തിറക്കിയ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം വര്‍ഷം തോറും 45.76 ശതമാനം ഉയര്‍ച്ചയാണ് കയറ്റുമതിയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ 2021 ഓഗസ്റ്റിലെ കയറ്റുമതി 2021 ജൂലൈയിലെ കയറ്റുമതിയേക്കാള്‍ 5 ശതമാനം കുറവാണ്( 35.17 ബില്യണ്‍ ഡോളര്‍).

കയറ്റുമതി കൂടുന്നതനുസരിച്ചു ഇറക്കുമതിയും കൂടിയിട്ടുണ്ട്. 2021 ഓഗസ്റ്റിലെ ഇറക്കുമതി 51.72 ശതമാനം ഉയര്‍ന്ന് 47.09 ബില്യണ്‍ ഡോളറിലെത്തി.സ്വര്‍ണം, പെട്രോളിയം, സസ്യ എണ്ണ, മുത്തുകള്‍, വിലയേറിയതും വില കുറഞ്ഞതുമായ കല്ലുകള്‍, യന്ത്രങ്ങള്‍, ഇരുമ്പ്, ഉരുക്ക്, കോക്ക്എന്നിവയുടെ ഇറക്കുമതിയാണ് ഉയര്‍ന്നത്. കേന്ദ്രം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2021 ഓഗസ്റ്റിലെ വ്യാപാര തുലനാവസ്ഥ ( രാജ്യത്തിന്റെ കയറ്റുമതി മൂല്യവും ഒരു നിശ്ചിത കാലയളവിലെ ഒരു രാജ്യത്തിന്റെ ഇറക്കുമതിയുടെ മൂല്യവും തമ്മിലുള്ള വ്യത്യാസം) 13.81 ബില്യണ്‍ ഡോളറായിരുന്നു, 2020 ഓഗസ്റ്റിലെ 8.20 ബില്യണ്‍ ഡോളറില്‍ നിന്ന് ഇത് 68.3 ശതമാനം കുറവാണ്.

2021 ഏപ്രില്‍-ഓഗസ്റ്റ് കാലയളവിലെ കയറ്റുമതികളുടെ മൂല്യം 164.10 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 67.33 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2021 ഏപ്രില്‍-ആഗസ്റ്റ് കാലയളവില്‍ ഇറക്കുമതി 80.89 ശതമാനം വളര്‍ച്ചയോടെ 219.63 ബില്യണ്‍ ഡോളറിലെത്തി.ഇന്ത്യയിലെ പ്രധാന കയറ്റുമതി വിപണികളില്‍ സുസ്ഥിരമായ വളര്‍ച്ചയാണ് ഇത് കാണിക്കുന്നത്. 2021 സെപ്റ്റംബര്‍ അവസാനിക്കുമ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി 98 ബില്യണ്‍ ഡോളറായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഇന്ത്യയുടെ ഏപ്രില്‍-സെപ്റ്റംബര്‍ കയറ്റുമതി 193 ബില്യണ്‍ ഡോളറിലേക്ക് പോവുകയും, കേന്ദ്രം നിശ്ചയിച്ച 200 ബില്യണ്‍ ഡോളറിന്റെ ആനുപാതിക ലക്ഷ്യത്തോട് ഏറെ അടുക്കുകയും ചെയ്യും. കയറ്റുമതി വളര്‍ച്ചയില്‍ പല തൊഴില്‍ മേഖലകളുടെയും സംഭാവനകള്‍ ഉള്ളതിനാല്‍ രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

Related Articles

© 2024 Financial Views. All Rights Reserved