
ന്യൂഡല്‍ഹി: കൊവിഡ് സാമ്പത്തിക രംഗത്ത് വരുത്തിയ ബാധ്യതകള്‍ ചെറുതല്ല. ഇന്ത്യയുടെ ജിഡിപി തന്നെ 10 ശതമാനത്തോളം താഴേക്ക് പോകുമെന്നാണ് ഐഎംഎഫിന്റെ റിപ്പോര്‍ട്ട്. ജോലി നഷ്ടപ്പെട്ടതും വിപണി നിശ്ചലമായതും ഗതാഗത രംഗത്തുണ്ടായ കുറവുമെല്ലാം അതിന്റെ പ്രതിഫലനം മാത്രമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യ കാത്തിരുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.
മുന്‍വര്‍ഷത്തെ ഇതേ സമയത്തെ അപേക്ഷിച്ച് ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി 5.99 ശതമാനം വര്‍ധിച്ചു. 27.58 ബില്യണ്‍ ഡോളറാണ് സെപ്തംബറില്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയുടെ മൂല്യം. കേന്ദ്രസര്‍ക്കാരാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.
കഴിഞ്ഞ വര്‍ഷം ഈ തിരിച്ചടികളൊന്നും ഇല്ലാതിരുന്നിട്ടും സെപ്തംബറില്‍ ഇപ്പോഴത്തേതിലും കുറവ് കയറ്റുമതിയാണ് നടന്നത്. 2019 സെപ്തംബറില്‍ 26.02 ബില്യണ്‍ ഡോളറായിരുന്നു കയറ്റുമതിയെന്നാണ് സര്‍ക്കാര്‍ രേഖകള്‍ പറയുന്നത്.
അതേസമയം സെപ്തംബറില്‍ ഇന്ത്യയിലേക്കുള്ള ഇറക്കുമതിയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. 19.06 ശതമാനം ഇടിവോടെ 30.31 ബില്യണ്‍ ഡോളറിലേക്കാണ് ഇറക്കുമതി അളവ് വീണത്. കഴിഞ്ഞ വര്‍ഷം ഇതേ മാസം 37.69 ബില്യണ്‍ ഡോളറായിരുന്നു ഇറക്കുമതി.