
ന്യൂഡൽഹി: കോവിഡ് 19 മഹാമാരി മൂലം ഇന്ത്യയുടെ കയറ്റുമതി മേഖലയ്ക്ക് 15 ദശലക്ഷം തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ (എഫ്‌ഐഇഒ) സര്‍ക്കാരിനെ അറിയിച്ചു. ഓര്‍ഡറുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് സമ്മര്‍ദം നേരിടുന്ന കയറ്റുമതി മേഖല, സാമ്പത്തിക പാക്കേജ് പുറത്തിറക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കയറ്റുമതി ഓര്‍ഡറുകളുടെ 50 ശതമാനം റദ്ദായതോടെ നിഷ്‌ക്രിയ ആസ്തികളുടെ (എന്‍പിഎ) വര്‍ധനവും മേഖലയില്‍ പ്രതീക്ഷിക്കുന്നതായി എഫ്‌ഐഇഒ പ്രസിഡന്റ് ശരദ് കുമാര്‍ സറഫ് വ്യക്തമാക്കി. വേതനം, വാടക, യൂട്ടിലിറ്റികള്‍ എന്നിവയുടെ ചെലവ് നികത്തുന്നതിനായി കയറ്റുമതിക്കാര്‍ക്ക് കൊവിഡ് 19 പലിശരഹിത മൂലധനകാല വായ്പയും സര്‍ക്കര്‍ നല്‍കണമെന്ന് കയറ്റുമതി സമിതി കൂട്ടിച്ചേര്‍ത്തു.
തീര്‍ച്ചപ്പെടുത്തിയിട്ടില്ലാത്ത ഓര്‍ഡറുകള്‍ പൂര്‍ത്തിയാക്കുന്നതിന് ഉത്പാദന യൂണിറ്റുകള്‍ക്ക് മിനിമം അധ്വാനത്തോടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം, അല്ലാത്തപക്ഷം വരും ദിവസങ്ങളില്‍ പല യൂണിറ്റുകളിലും പരിഹരിക്കാനാവാത്തവിധം നഷ്ടമുണ്ടാകാന്‍ ഇടയുണ്ടെന്നും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കി. കോവിഡ് 19 മഹാമാരി മൂലം, ആഗോള വ്യാപാരം 13 ശതമാനം മുതല്‍ 31 ശതമാനം വരെ കുറയാനിടയുണ്ടെന്ന് ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ) ബുധനാഴ്ച പ്രസ്താവിച്ചിരുന്നു. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ), എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (ഇഎസ്‌ഐസി) ഫണ്ടുകളിലേക്കുള്ള വിഹിതങ്ങളില്‍ മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള മൂന്ന് മാസത്തേക്ക് ഇളവുകള്‍ നല്‍കാന്‍ എഫ്‌ഐഇഒ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കോവിഡ് 19 വ്യാപനം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗണ്‍ കാലയളവില്‍ സമ്പദ് വ്യവസ്ഥയ്ക്ക് 100 ബില്യണ്‍ ഡോളര്‍ നഷ്ടമാകാന്‍ സാധ്യതയുണ്ടെന്ന് അക്യൂട്ട് റേറ്റിംഗ് ഏജന്‍സി അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്ക് ഡൗണിലെ ഓരോ ദിവസവും സമ്പദ് വ്യവസ്ഥയ്ക്ക് 4.5 ബില്യണ്‍ ഡോളറിലധികം ചെലവ് വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനായി മാര്‍ച്ച് അവസാനത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. 2021 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ജിഡിപി അഞ്ച് മുതല്‍ ആറു ശതമാനം വരെ ചുരുങ്ങാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍ രണ്ടാം പാദത്തില്‍ വളര്‍ച്ച രേഖപ്പെടുത്തുമെന്നും ഏജന്‍സി അറിയിച്ചു.