
ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധി തുടരുന്നതിനിടെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ 48.3 ശതമാനത്തിന്റെ വര്‍ധനവ്. ആഗോള തലത്തില്‍ ഓര്‍ഡറുകളില്‍ വര്‍ധനവുണ്ടായതാണ് ഇന്ത്യയിലെ വ്യാപാരികളെ സംബന്ധിച്ച് അനുകൂല ഘടകമായി മാറിയത്. മെയ് മാസത്തില്‍ 69.7 ശതമാനവും ഏപ്രില്‍ മാസത്തില്‍ 193.63 ശതമാനവുമാണ് വര്‍ധവ്. അതേ സമയം മാര്‍ച്ചില്‍ 60 ശതമാനമായിരുന്നു മാര്‍ച്ചിലെ കയറ്റുമതിയുടെ തോത്. വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച പുതിയ കണക്കുകളുള്ളത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കൊവിഡ് വ്യാപനം മൂലം വ്യാപാര രംഗത്തുണ്ടായ തിരിച്ചടി മൂലമാണ് ഇത്തവണ കയറ്റുമതി വര്‍ധിച്ചിട്ടുള്ളതെന്നാണ് വിലയിരുത്തപ്പെടുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ 2020 മാര്‍ച്ച് 23 മുതലാണ് ഇന്ത്യയില്‍ രാജ്യവ്യാപക ലോക്ക്‌ഡൌണ്‍ ഏര്‍പ്പെടുത്തിയത്. ഇത് മാസങ്ങളോളം നീളുകയും ചെയ്തിരുന്നു.
ഇതിന് ശേഷം 2020 ഡിസംബറിന് ശേഷം ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ വര്‍ധനവുണ്ടാകാന്‍ തുടങ്ങിയത്. ഫെബ്രുവരിയില്‍ 0.67 ശതമാനം വര്‍ധനവായിരുന്നു രേഖപ്പെടുത്തിയത്. പെട്രോളിയം, എന്‍ജിനീയറിംഗ് ഉല്‍പ്പന്നം, ഇലക്ട്രോണിക്‌സ്, ആഭരണങ്ങളും വിലയേറിയ കല്ലുകളും, തുണിത്തരങ്ങള്‍, മരുന്ന് എന്നിവയുടെ കയറ്റുമതി ജൂണ്‍ മാസത്തില്‍ വര്‍ധിച്ചിരുന്നു. ബുക്കിംഗിനൊപ്പം ആഗോള തലത്തിലുള്ള ഡിമാന്‍ഡിലും വര്‍ധനവുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.