ഫേസ് ആപ്പില്‍ ഒളിഞ്ഞിരിക്കുന്നത് വന്‍ കെണിയോ! സംശയമുയര്‍ത്തുന്നത് ചിത്രങ്ങളുടെ അവകാശം ആപ്പിന് സ്വന്തമാണെന്ന നിബന്ധന; റഷ്യന്‍ ഐടി ഭീമന്റെ പുത്തന്‍ 'ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്' വിപ്ലവത്തിനെതിരെ അന്വേഷണം വേണമെന്ന് അമേരിക്കയും

July 22, 2019 |
|
News

                  ഫേസ് ആപ്പില്‍ ഒളിഞ്ഞിരിക്കുന്നത് വന്‍ കെണിയോ! സംശയമുയര്‍ത്തുന്നത് ചിത്രങ്ങളുടെ അവകാശം ആപ്പിന് സ്വന്തമാണെന്ന നിബന്ധന; റഷ്യന്‍ ഐടി ഭീമന്റെ പുത്തന്‍ 'ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്' വിപ്ലവത്തിനെതിരെ അന്വേഷണം വേണമെന്ന് അമേരിക്കയും

ചെറുപ്പക്കാരായവര്‍ ഞൊടിയിടയില്‍ അപ്പൂപ്പന്മാരും അമ്മൂമ്മമാരും ആയി മാറിയ ഫേസ്ആപ്പ് വിദ്യ ടെക്ക് ലോകത്ത് വിപ്ലവം സൃഷ്ടിച്ചിരിക്കുന്ന വേളയിലാണ് ഉപഭോക്താക്കളുടെ സ്വകാര്യത സംബന്ധിച്ച് ആശങ്കയുയരുന്നത്. റഷ്യന്‍ ഐടി ഭീമനായ വയര്‍ലെസ് ലാബ് വികസിപ്പിച്ച ആപ്പിന്റെ നിബന്ധനകള്‍ വായിച്ചാല്‍ കെണി ഒളിഞ്ഞിരിക്കുന്നതായി മനസിലാക്കാമെന്നും അടുത്തിടെ ഇറങ്ങിയ മറ്റ് ആപ്പുകളും സ്വകാര്യത സംബന്ധിച്ച് കെണി ഒളിപ്പിച്ച് വെച്ചിട്ടുള്ളവയാണെന്നുമുള്ള സൂചനയാണ്  ഐടി വിദഗ്ധര്‍ ഇപ്പോള്‍ പുറത്ത് വിടുന്നത്. 

ഇത്തരം ആപ്പുകളുടെ നിബന്ധനകള്‍ സൂക്ഷമമായി പരിശോധിച്ചാല്‍ നിങ്ങള്‍ അവ ഫോണില്‍ നിന്നും നീക്കം ചെയ്യുമെന്നും ഫ്രെഞ്ച് സെക്യൂരിറ്റി റിസര്‍ച്ചര്‍ ഇലിയട്ട് ആല്‍ഡേഴ്സണ്‍ ട്വിറ്ററില്‍ വ്യക്തമാക്കിയിരുന്നു.  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മികവോടെ പ്രവര്‍ത്തിക്കുന്ന ആപ്പില്‍ മുഖം ഒറിജിനലിനെ വെല്ലുന്ന രീതിയില്‍ മാറ്റാന്‍ സാധിക്കും. എന്നാല്‍ ആപ്പില്‍  അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങളുടെ പകര്‍പ്പവകാശം തങ്ങള്‍ക്കായിരിക്കുമെന്ന നിബന്ധനയാണ് ഇപ്പോള്‍ സംശയമുയര്‍ത്തുന്നത്.

ഫേസ്ആപ്പ് സ്വകാര്യത ലംഘിക്കുന്ന കാര്യത്തില്‍ പല അഭിപ്രായങ്ങളാണ് വിദഗ്ധര്‍ക്കുള്ളത്. ഫേസ്ആപ്പിനെതിനെ അന്വേഷണം വേണമെന്ന് അമേരിക്കന്‍ സെനറ്റ് മൈനോറിറ്റി ലീഡര്‍ ചാക്ക് ഷൂമര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അമേരിക്കന്‍ ജനതയുടെ സ്വകാര്യവിവരങ്ങള്‍ വിദേശശക്തിയുടെ തടവിലാക്കുന്ന അവസ്ഥയുണ്ടാക്കുമെന്നാണ് ഇപ്പോള്‍ ആശങ്കയുയരുന്നത്. 

അതിനാല്‍ തന്നെ എഫ് ബി ഐ അന്വേഷണം നടത്തണമെന്നും ന്യൂനപക്ഷ നേതാവായ ചക്ക് ഷമ്മര്‍ ആവശ്യപ്പെട്ടു. ഉപഭോക്തൃ സംരക്ഷണസമിതി ഉള്‍പ്പെടെയുള്ള ഏജന്‍സികളോട് ആപ്പ് മൂലം ദേശസുരക്ഷയും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും നേരിടുന്ന ഭീഷണി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റഷ്യന്‍ ഹാക്കര്‍മാരുടെ ആക്രമണത്തിന് 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് നേതാക്കള്‍ നേരിട്ടിരുന്നു. 

അതിനാല്‍ തന്നെ 2020ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ ഫേസ് ആപ്പ് ഡിലീറ്റ് ചെയ്യണമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ദേശീയസമിതിയും നിര്‍ദ്ദേശം നല്‍കികഴിഞ്ഞു. എന്നാല്‍, തങ്ങളുടെ നയം ഫേസ് ആപ്പും വ്യക്തമാക്കി കഴിഞ്ഞു. ഉപയോഗത്തിനു ശേഷം 48 മണിക്കൂറിനുള്ളില്‍ സെര്‍വറില്‍ നിന്ന് നീക്കം ചെയ്യാറുണ്ടെന്ന് ഫേസ് ആപ്പ് അധികൃതര്‍ വാഷിംഗ്ടണ്‍ പോസ്റ്റിനോട് വ്യക്തമാക്കിയിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved