
ദില്ലി: ഉപഭോക്താവിന്റെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യാന്‍ ഓപ്ഷന്‍ ഓഫാക്കി വെച്ചാലും സാധിക്കുമെന്ന് വെളിപ്പെടുത്തി ഫേസ്ബുക്ക്. യുഎസ് സെനറ്റര്‍മാരായ ജോഷ് ഹൗലിയും ക്രിസ്റ്റഫര്‍ കൂണ്‍സിന്റെയും ചോദ്യത്തിന് മറുപടിയായാണ് ഫേസ്ബുക്കിന്റെ വെളിപ്പെടുത്തല്‍. ന്യൂസ് ഫീഡില്‍ ആഡുകള്‍ പ്രദര്‍ശിപ്പിക്കല്‍, സുരക്ഷാ പരിശോധന തുടങ്ങിയ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ലൊക്കേഷന്‍ ഡാറ്റകള്‍ ഉപയോഗിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. ലൊക്കേഷന്‍ സര്‍വീസ് ഓഫാക്കിയാലും ഡാറ്റ ലഭിക്കുന്നത് ഐപി അഡ്രസുകള്‍ വഴിയാണ്.
എന്നാല്‍ ഇത്തരം വിവരങ്ങള്‍ ശരിയായിക്കൊള്ളണമെന്നില്ല.ഒരു മൊബൈല്‍ ഡിവൈസിന്റെ ഐപി അഡ്രസ് കാണിക്കുന്നത് അത് കണക്ട് ആയിട്ടുള്ള നഗരത്തെയും പ്രദേശവുമായിരിക്കും. ഇനി അത് ബിസിനസ് നെറ്റ് വര്‍ക്കിലാണ് കണക്ട് ആയിരിക്കുന്നതെങ്കില്‍ അത് മാത്രമായിരിക്കുമെന്ന് വ്യക്തമാവുക. അതുകൊണ്ട് തന്നെ പലപ്പോഴും ലൊക്കേഷന്‍ ശരിയായിരിക്കണമെന്നും കൃത്യമായിരിക്കണമെന്നില്ലെന്നും ഫേസ്ബുക്ക് പറഞ്ഞു. സ്വകാര്യ വിവരങ്ങളുടെ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് നിരവധി ചോദ്യങ്ങള്‍ നേരിട്ട് കൊണ്ടിരിക്കുന്നതിനിടയിലാണ് പുതിയ വെളിപ്പെടുത്തല്‍.