
ഏറെ അഭ്യൂഹങ്ങള്‍ക്ക് ഒടുവിലായിരുന്നു ഫേസ്ബുക് ഇന്‍കോര്‍പറേറ്റീവിന്റെ പേരുമാറ്റം. ഫേസ്ബുക്ക് എന്നതിന് പകരം ഇനി മുതല്‍ 'മെറ്റ ഇന്‍കോര്‍പറേറ്റീവ്' എന്ന പേര് സ്വീകരിച്ചത് ലോകം മുഴുവന്‍ ആവേശത്തോടെ ഏറ്റെടുത്ത വാര്‍ത്തയാണ്. ഫേസ്ബുക് കണക്ട് ഓഗ്‌മെന്റഡ് ആന്‍ഡ് വിര്‍ച്വല്‍ റിയാലിറ്റി കോണ്‍ഫറന്‍സിലായിരുന്നു സി.ഇ.ഒ മാര്‍ക് സക്കര്‍ബര്‍ഗിന്റെ പേരുമാറ്റ പ്രഖ്യാപനം. കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കിലെ ആസ്ഥാനത്ത് പുതിയ ലോഗോയും അനാഛാദനം ചെയ്തു.
മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പേരുമാറ്റത്തെ ട്വിറ്റര്‍ നിരവധി ട്രോളുകളോടെയാണ് നേരിട്ടത്. പേരുമാറ്റത്തെ പരിഹസിച്ചും കളിയാക്കിയും നിരവധിപേര്‍ രംഗത്തെത്തി. എന്നാല്‍, ട്രോളുകള്‍ മാത്രമല്ല ഇപ്പോള്‍ കമ്പനി നേരിടുന്ന പ്രശ്‌നം. ഫേസ്ബുക് അവതരിപ്പിച്ച പുതിയ മെറ്റ ലോഗോ കോപ്പിയടിച്ചതാണെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. ജര്‍മന്‍ മൈഗ്രേന്‍ ആപ്പായ 'എം സെന്‍സ് മൈഗ്രേന്‍' എന്നതിന്റെ ലോഗോക്ക് സമാനമാണ് മെറ്റ ലോഗോ. ബെര്‍ലിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് സ്റ്റാര്‍ട്ട് അപ്പാണ് എം സെന്‍സ് മൈഗ്രേന്‍. തലവേദന, മൈഗ്രേന്‍ തുടങ്ങിയവകൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് സഹായം വാഗ്ദാനം ചെയ്യുകയാണ് ലക്ഷ്യം. 2016ലാണ് ഇതിന്റെ രൂപീകരണം.
'ഞങ്ങളുടെ മൈഗ്രേന്‍ ആപ്പില്‍ നിന്ന് ഫേസ്ബുക്ക് പ്രചോദനം ഉള്‍ക്കൊണ്ട് ലോഗോ നിര്‍മിച്ചതില്‍ അഭിമാനം കൊള്ളുന്നു. ഒരുപക്ഷേ അവര്‍ ഞങ്ങളുടെ ഡേറ്റ സ്വകാര്യത നടപടിക്രമങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടേക്കാം' -കമ്പനി ട്വീറ്റ് ചെയ്തു. റീബ്രാന്‍ഡിങ്ങിനെ തുടര്‍ന്നുണ്ടായ തലവേദന പരിഹരിക്കാന്‍ സക്കര്‍ബര്‍ഗിനോട് എം സെന്‍സ് മൈഗ്രേന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ പറഞ്ഞ് കമ്പനി പരിഹസിക്കുകയും ചെയ്തു. മെറ്റക്കെതിരെ എംസെന്‍സ് നിയമനടപടികള്‍ സ്വീകരിക്കുമെന്നാണ് വിവരം.