
സോഷ്യല്‍ മീഡിയ ഭീമന്മാരായ ഫെയ്സ്ബുക്കിന്റെ പേരുമാറ്റം ഓണ്‍ലൈന്‍ ഉപയോക്താക്കള്‍ക്കിടയില്‍ കുറച്ചൊന്നുമല്ല ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. കോര്‍പ്പറേറ്റ് ലോകത്ത് 'മെറ്റ' എന്ന പേര് ഫെയ്സ്ബുക്ക് സ്വീകരിച്ചിരിക്കുന്നു. ഫെയ്സ്ബുക്കിന്റെ സഹസ്ഥാപകനും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായി മാര്‍ക്ക് സക്കര്‍ബര്‍ഗാണ് പേരുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്ക് ആസ്ഥാനത്ത് പുതിയ ലോഗോയും കമ്പനി അനാച്ഛാദനം ചെയ്തു. നീല നിറത്തില്‍ 'ഇന്‍ഫിനിറ്റി' മാതൃകയിലാണ് പുതിയ മെറ്റ ലോഗോ.
'മെറ്റ പ്ലാറ്റ്ഫോംസ് ഇന്‍കോര്‍പ്പറേറ്റഡ്' എന്നതിന്റെ ചുരുക്കഭേദമാണ് മെറ്റ. സോഷ്യല്‍ മീഡിയ കമ്പനി എന്നതിലുപരി സമ്പൂര്‍ണ ഡിജിറ്റല്‍ കമ്പനിയായി അറിയപ്പെടാനുള്ള കമ്പനിയുടെ ശ്രമത്തിന്റെ ഭാഗമായാണ് ഈ പേരുമാറ്റം. 'ഇന്ന് മുതല്‍ ഫെയ്സ്ബുക്ക് കമ്പനി മെറ്റയെന്നാണ് അറിയപ്പെടുക. പേരുമാറിയെങ്കിലും ഞങ്ങളുടെ ലക്ഷ്യം ഇപ്പോഴും ഒന്നുതന്നെ --- ആളുകളെ ഒന്നിപ്പിക്കുക. ഞങ്ങളുടെ ആപ്പുകളും അവയോട് അനുബന്ധിച്ച ബ്രാന്‍ഡുകളും മാറ്റമില്ലാതെ തുടരും', സക്കര്‍ബര്‍ഗ് അറിയിച്ചു. അതായത്, മെറ്റയ്ക്ക് കീഴില്‍ വരുമെങ്കിലും ഫെയ്സ്ബുക്ക് ആപ്പിന്റെ പേരു മാറില്ല; ഇന്‍സ്റ്റഗ്രാമും വാട്ട്സ്ആപ്പ് മെസഞ്ചറും സ്വന്തം പേരില്‍ത്തന്നെ തുടരും.
കമ്പനിയുടെ മാര്‍ക്കറ്റ് പവര്‍, അല്‍ഗോരിതം തീരുമാനങ്ങള്‍, പ്ലാറ്റ്ഫോമുകള്‍ നേരിടുന്ന നിയമനടപടികള്‍ തുടങ്ങിയ കാര്യങ്ങള്‍ മാതൃസ്ഥാപനത്തിന് നേരിട്ട് ബാധ്യതയുണ്ടാക്കുന്നത് തടയാന്‍ കോര്‍പ്പറേറ്റ് പേരുമാറ്റം സഹായിക്കും. ഇതേസമയം, കോര്‍പ്പറേറ്റ് ഘടനയില്‍ കമ്പനി മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. കമ്പനിയിലെ ഡെവലപ്പര്‍മാരുടെ വാര്‍ഷിക സമ്മേളനത്തിലാണ് സക്കര്‍ബര്‍ഗ് ഫെയ്സ്ബുക്കിന്റെ പേരുമാറ്റം പ്രഖ്യാപിച്ചത്. ഗെയിം, വര്‍ക്ക്, കമ്മ്യൂണിക്കേഷന്‍ തുടങ്ങിയവയെല്ലാം വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റുകളിലൂടെ സാധ്യമാക്കുന്ന മെറ്റാവേഴ്സ് എന്ന പുതിയ ഡിജിറ്റല്‍ സംരംഭം ആരംഭിക്കാനുള്ള പദ്ധതിയും സക്കര്‍ബര്‍ഗ് ഈ അവസരത്തില്‍ വെളിപ്പെടുത്തി. ഇതേസമയം, അടുത്തിടെ പുറത്തുവന്ന വിവരങ്ങളില്‍ നിന്നും മുഖം രക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് ഫെയ്സ്ബുക്ക്. ഫ്രാന്‍സസ് ഹൊഗന്‍ എന്ന മുന്‍ ജീവനക്കാരി ഫെയ്സ്ബുക്കിനെതിരെ കടുത്ത ആരോപണങ്ങളുയര്‍ത്തി രംഗത്തുണ്ട്. കമ്പനി ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കുകയാണെന്ന് ഡാറ്റ സയന്റിസ്റ്റായ ഹൊഗന്‍ ആരോപിക്കുന്നു.
എന്‍ഗേജ്മെന്റ് അധിഷ്ഠിത റാങ്കിങ് പലപ്പോഴും വിദ്വേഷമാണ് പ്രചരിപ്പിക്കുന്നത്. ഇക്കാര്യം ഫെയ്സ്ബുക്കിനുമറിയാം. എന്നാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഫെയ്സ്ബുക്ക് മുന്‍കയ്യെടുക്കുന്നില്ലെന്ന് ഫ്രാന്‍സസ് ഹൊഗന്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ കഴിഞ്ഞദിവസം അറിയിച്ചു. വിഷയത്തില്‍ കമ്പനി നടത്തിയ പഠനങ്ങളുടെ രേഖകളും ഹൊഗന്‍ പുറത്തുവിട്ടിട്ടുണ്ട്. ഫെയ്സ്ബുക്കിനെതിരെ കൂടുതല്‍ റഗുലേഷന്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന ആവശ്യവും ഇതോടെ ശക്തമായിട്ടുണ്ട്.
മുന്‍പും നിരവധി ആരോപണങ്ങളെ നേരിട്ട കമ്പനിയാണ് ഫെയ്സ്ബുക്ക്. ഇപ്പോഴത്തെ സംഭവത്തില്‍ ഫെയ്സ്ബുക്ക് മേധാവിയായ സക്കര്‍ബര്‍ഗുതന്നെ പ്രതികരിച്ചിട്ടുണ്ട്. 'വിശ്വാസപരമായ വിമര്‍ശനങ്ങള്‍ നല്ലതാണ്. എന്നാല്‍ അടുത്തിടെയായി ഞങ്ങളുടെ കമ്പനിയെ കുറിച്ച് തെറ്റായ ചിത്രം പ്രചരിപ്പിക്കാനാണ് ഒരുവിഭാഗം ആളുകള്‍ ശ്രമിക്കുന്നത്. തിരഞ്ഞെടുത്ത രേഖകള്‍ മാത്രം പുറത്തുവിട്ട് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ഇക്കൂട്ടര്‍ ശ്രമിക്കുന്നു', തിങ്കളാഴ്ച്ച സക്കര്‍ബര്‍ഗ് പറയുകയുണ്ടായി. അമേരിക്കയിലെ പോളിസിമേക്കര്‍മാരുമായി ബന്ധം മെച്ചപ്പെടുത്താനുള്ള വിശാല ശ്രമത്തിന്റെ ഭാഗമാണ് മെറ്റാവേഴ്സിലുള്ള ഫെയ്സ്ബുക്കിന്റെ താത്പര്യമെന്ന് അമേരിക്കന്‍ ദേശീയ മാധ്യമമായ വാഷിങ്ടണ്‍ പോസ്റ്റ് കഴിഞ്ഞമാസം അഭിപ്രായപ്പെട്ടിരുന്നു.
ഡിജിറ്റല്‍ ലോകത്ത് ഇതാദ്യമായല്ല വമ്പന്‍ കമ്പനികള്‍ പേരുമാറ്റുന്നത്. 2015 -ല്‍ ഗൂഗിളും സമാനവഴി സ്വീകരിച്ചിരുന്നു. അന്ന് ആല്‍ഫാബെറ്റ് എന്ന കോര്‍പ്പറേറ്റ് നാമം സെര്‍ച്ച് എഞ്ചിന്‍ ഭീമന്മാരായ ഗൂഗിള്‍ കൈക്കൊണ്ടു. കഴിഞ്ഞപാദത്തില്‍ സമ്മിശ്ര വികാരമാണ് ഫെയ്സ്ബുക്കിന്റെ സാമ്പത്തിക ഫലം കണ്ടത്. കമ്പനിയുടെ പ്രതിയോഹരി വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 18.8 ശതമാനം ഉയര്‍ന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ 35.1 ശതമാനം വളര്‍ച്ചയാണ് വരുമാനം കണ്ടതും. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 18.7 ശതമാനം നേട്ടം മാത്രമേ കമ്പനി നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കിയുള്ളൂ. ഇക്കാലയളവില്‍ എസ് ആന്‍ഡ് പി 500 സൂചിക പോലും 34.3 ശതമാനം ഉയരുകയുണ്ടായി. നിലവില്‍ പ്രതിമാസം 2.9 ബില്യണില്‍പ്പരം ആളുകള്‍ ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. വെബ്സൈറ്റിലും ആപ്പിലും നല്‍കുന്ന പരസ്യങ്ങളാണ് കമ്പനിയുടെ പ്രധാന വരുമാനമാര്‍ഗം.