
ഇതാദ്യമായി ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തില്‍ ഇടിവ്. ഇതോടെ സോഷ്യല്‍ മീഡിയ വമ്പന്റെ മാതൃകമ്പനിയായ മെറ്റാ പ്ലാറ്റ്ഫോംസിന്റെ ഓഹരി വില കുത്തനെ കുറഞ്ഞു. മെറ്റാ പ്ലാറ്റ്ഫോംസിന്റെ ഓഹരി വിലയില്‍ 20 ശതമാനം ഇടിവാണ് സംഭവിച്ചത്. തൊട്ടുമുന്‍പത്തെ ത്രൈമാസത്തിനേക്കാള്‍ ഫേസ്ബുക്കിന്റെ പ്രതിദിന ആക്ടിവ് ഉപയോക്താക്കളുടെ എണ്ണം കുറഞ്ഞതാണ് ഓഹരി വിലയെ സ്വാധീനിച്ചത്. തൊട്ടുമുന്‍പത്തെ ത്രൈമാസത്തില്‍ ഫേസ്ബുക്കിന്റെ ആഗോള പ്രതിദിന ആക്ടീവ് ഉപയോക്താക്കള്‍ 1.930 ബില്യണ്‍ ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ ഇത് 1.929 ബില്യണ്‍ ആണ്.
ആപ്പിള്‍ അവരുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ വരുത്തിയ പ്രൈവസി മാറ്റങ്ങള്‍ തങ്ങള്‍ക്ക് തിരിച്ചടിയായെന്ന മെറ്റാ പറയുന്നു. 18 വയസ്സുള്ള ടെക് ഭീമന്‍ ഇപ്പോള്‍ ടിക് ടോക്, ഗൂഗിളിന്റെ യുട്യൂബ് എന്നിവരില്‍ നിന്ന് കനത്ത വെല്ലുവിളിയും നേരിടുകയാണ്. ഇത്തരം സോഷ്യല്‍ മീഡിയകളിലേക്ക് ഉപയോക്താക്കളുടെ സമയവും ശ്രദ്ധയുമെല്ലാം വീതിക്കപ്പെട്ടത് വരും ത്രൈമാസങ്ങളില്‍ മെറ്റാ പ്ലാറ്റ്ഫോംസിന്റെ വരുമാനത്തെ പ്രതികൂലമായി ബാധിച്ചേക്കാം.
നാലാംപാദത്തില്‍ ഫേസ്ബുക്കിന്റെ പ്രതിമാസ ആക്ടീവ് ഉപയോക്താക്കളുടെ എണ്ണവും തൊട്ടുമുന്‍പാദത്തിനേതിന് തുല്യമാണ്. നാലാംപാദ ഫലം വന്നതോടെ മെറ്റാ പ്ലാറ്റ്ഫോംസിന്റെ വിപണി മൂല്യത്തില്‍ നിന്ന് 200 ബില്യണ്‍ ഡോളറാണ് ആവിയായിപ്പോയത്. മാത്രമല്ല, മെറ്റയുടെ പ്രകടനം മറ്റ് ടെക് ഓഹരികളെയും താഴ്ത്തി. ട്വിറ്റര്‍, സ്നാപ്, പിന്‍ട്രസ്റ്റ് എന്നിവയുടെയെല്ലാം മൂല്യവും ഇടിഞ്ഞു. ഗൂഗിളിന് പിന്നിലായി ലോകത്തിലെ രണ്ടാമത്തെ വലിയ ഡിജിറ്റല്‍ ആഡ് പ്ലാറ്റ്ഫോമിന്റെ ഉടമകളാണ് മെറ്റ.