
സൂം ആപ്പിന്റെ നേട്ടം ലക്ഷ്യം വച്ച് ഫേസ്ബുക്ക്. ഇപ്പോള്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പ് ആയി മാറിയെങ്കിലും സൂം എന്ന വീഡിയോ കോളിംഗ് ആപ്പ് സുരക്ഷിതമല്ലെന്ന വാദങ്ങള്‍ ശക്തമാകുകയാണ്. ഈ സാഹചര്യം മുതലെടുക്കാന്‍ ഇറങ്ങിയിരിക്കുകയാണ് ഫേസ്ബുക്ക്. പുതിയൊരു വീഡിയോ ചാറ്റ് സേവനം അവതരിപ്പിച്ചിരിക്കുകയാണ് ഫേസ്ബുക്ക്.
യഥാര്‍ത്ഥത്തില്‍ ഇതില്‍ വെര്‍ച്വല്‍ റൂമുകള്‍ ഉണ്ടാക്കുകയും അതിലേക്ക് മറ്റുള്ളവരെ ക്ഷണിക്കുകയുമാണ് ചെയ്യുന്നതെന്ന് ഫേസ്ബുക്ക് ചീഫ് എക്‌സിക്യൂട്ടിവ് മാര്‍ക് സുക്കര്‍ബര്‍ഗ് പറയുന്നു. ഇതിനായി പ്രത്യേക ആപ്ലിക്കേഷനൊന്നും ഡൗണ്‍ലോഡ് ചെയ്യേണ്ട. കൂടുതല്‍പ്പേര്‍ക്കുമുള്ള ഫേസ്ബുക്ക് മെസഞ്ചര്‍ ആപ്ലിക്കേഷനിലൂടെ ഉപയോക്താക്കള്‍ക്ക് വീഡിയോ കോള്‍ ചെയ്യാം. 50 സുഹൃത്തുക്കളെ വരെ ഇതിലേക്ക് ചേര്‍ക്കുകയും പരിധികളില്ലാതെ എത്ര സമയം വേണമെങ്കിലും സംസാരിക്കുകയും ചെയ്യാം. ലിങ്ക് അയച്ചാണ് ആളുകളെ ക്ഷണിക്കേണ്ടത്. ഈ സൗകര്യം ഉപയോഗിക്കാന്‍ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാകണമെന്നില്ല. മെസഞ്ചര്‍ ആപ്പും വേണമെന്ന് നിര്‍ബന്ധമില്ല. ലിങ്ക് ബ്രൗസറില്‍ തുറന്നുവരും.
എന്നാല്‍ സൂം പോലെയുള്ള വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് വ്യത്യസ്തമായി ഇത് സാമൂഹികബന്ധങ്ങള്‍ ദൃഢമാക്കുന്നതിന് കൂടുതലായി സഹായിക്കുന്ന ആപ്ലിക്കേഷനാണ്. കുടുംബ, സൗഹൃദകൂട്ടായ്മകള്‍ എന്നിവയ്ക്ക് നന്നായി ഇണങ്ങും. എന്നാല്‍ ഇത്തരം അനൗപചാരികമായ കൂട്ടായ്മകള്‍ക്കും ഇപ്പോള്‍ കൂടുതലായും ഉപയോഗിക്കുന്നത് സൂം ആപ്പ് ആണ്. വീഡിയോ കോള്‍ രസകരമാക്കുന്നതിനായി ഓഗ്മെന്റഡ് റിയാലിറ്റി ഇഫക്റ്റ്‌സും ഇഷ്ടമുള്ള ബാക്ഗ്രൗണ്ടുമൊക്കെ ഇതില്‍ ചെയ്യാനാകും.