
ഫെയര്‍ ആന്റ് ലവ്‌ലി ഉത്പന്നങ്ങളുടെ പേരിലുള്ള 'ഫെയര്‍' എടുത്തുകളഞ്ഞ് നിര്‍ണ്ണായക റീബ്രാന്‍ഡിംഗ് നീക്കവുമായി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനി. സ്‌കിന്‍ ക്രീമിലെ 'ഫെയര്‍' എന്ന വാക്ക് ഇനി ഉപയോഗിക്കില്ലെന്ന് ആഗോള കമ്പനി അറിയിച്ചു. റഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരത്തിനു ശേഷമേ പുതിയ പേരിന്റെ പ്രഖ്യാപനമുണ്ടാവൂ.
കറുപ്പുള്ള ചര്‍മ്മം വെളുപ്പിക്കാന്‍ സഹായിക്കുന്നുവെന്ന് അവകാശ വാദം ഉന്നയിക്കുന്ന സൗന്ദര്യ വര്‍ധക ഉത്പന്നങ്ങള്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളിലും മറ്റും വന്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കമ്പനിയുടെ തീരുമാനം. കമ്പനിയുടെ ഫെയര്‍നെസ്സ് ഉത്പന്നങ്ങള്‍ക്ക് ദക്ഷിണേഷ്യയിലാണ് ഉപഭോക്താക്കള്‍ അധികമുള്ളത്.
ആഗോള കമ്പനിയായ യൂണിലിവറിന്റെ ഇന്ത്യന്‍ വിഭാഗമായ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ തൊലി നിറത്തെക്കുറിച്ച് പരാമര്‍ശങ്ങളുള്ള ഉത്പന്നങ്ങള്‍ക്കെതിരേ നേരത്തെ ജനരോഷമുയര്‍ന്നിരുന്നു. ഇതിനു പിന്നാലെ അടുത്ത കാലത്തായി അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് നേരെയുണ്ടായ പോലീസ് വെടിവെപ്പും മറ്റും മൂലം വിഷയം വീണ്ടും പൊതുമധ്യത്തില്‍ സജീവ ചര്‍ച്ചയായി.2014 ലെ മിസ് അമേരിക്കയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍ അമേരിക്കക്കാരിയായിരുന്ന നിന ദാവുലുരി ഉള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ ഒപ്പിട്ട കൂട്ട നിവേദനവും വാര്‍ത്തയായി.
വാക്കുകളുടെ ഉപയോഗത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനും ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ആലോചിക്കുന്നതായി ചെയര്‍മാന്‍ സഞജീവ് മേത്ത പറഞ്ഞു. സ്‌കിന്‍ ലൈറ്റനിങ്ങ്, സ്‌കിന്‍ വൈറ്റനിങ് എന്നീ വാക്കുകള്‍ നീക്കി പകരം സ്‌കിന്‍ റെജുവിനേഷന്‍, സ്‌കിന്‍ വൈറ്റാലിറ്റി എന്ന വാക്കുകള്‍ ഉത്പന്നത്തിന്റെ ഗുണഗണങ്ങളില്‍ ഉപയോഗിക്കാനാണ് ഏകദേശ ധാരണയായിരിക്കുന്നത്.