
ദുബായ്: പ്രമുഖ പ്രവാസി വ്യവസായിയും എന്‍എംസി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ്, യുഎഇ എക്സ്ചേഞ്ച് സ്ഥാപകനുമായ ബി.ആര്‍ ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്‍കി. ഷെട്ടിയുടെ അക്കൗണ്ടും കുടുംബാംഗങ്ങളുടെ അക്കൗണ്ടും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ അക്കൗണ്ടും മരവിപ്പിക്കാനാണു മറ്റു ബാങ്കുകള്‍ക്കു സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഷെട്ടിയുടെ കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും മാനേജര്‍മാരുടെയും അക്കൗണ്ടുകളും മരവിപ്പിക്കും. ഈ അക്കൗണ്ടുകളില്‍ നിന്നുള്ള ട്രാന്‍സ്ഫര്‍ ഉള്‍പ്പെടെ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു.
എന്‍എംസി 6.6 ബില്യണ്‍ ഡോളറിന്റെ കടബാധ്യത അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. വിവിധ ബാങ്കുകളിലായി കോടിക്കണക്കിനു രൂപയുടെ കടബാധ്യതയാണു കമ്പനിക്കുള്ളത്. ബ്രിട്ടനില്‍ ഗുരുതരമായ സാമ്പത്തിക ക്രമക്കേടില്‍ ഷെട്ടി ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുന്ന മുറയ്ക്ക് യുഎഇയിലേക്കു മടങ്ങുമെന്നും ഷെട്ടി അറിയിച്ചിരുന്നു. ഷെട്ടിയുമായി ബന്ധപ്പെട്ട നിരവധി കമ്പനികളാണ് സെന്‍ട്രല്‍ ബാങ്ക് കരിമ്പട്ടികയില്‍ പെടുത്തിയിരിക്കുന്നത്. കര്‍ണാടകയിലെ ഉഡുപ്പി സ്വദേശിയാണ് ഷെട്ടി.
ഉടുപ്പിയില്‍ നിന്ന് ബുര്‍ജ് ഖലീഫ വരെ
70കളുടെ തുടക്കത്തില്‍ കീശയില്‍ 500 രൂപയുമായി ബാവഗത്തു രഘുറാം ഷെട്ടിയെന്ന ബിആര്‍ ഷെട്ടി ദുബായിയിലെത്തിയതാണ്. ഫാര്‍മസി ബിരുദമാണ് കൈമുതലായുണ്ടായിരുന്നത്. ഗള്‍ഫിലെത്തിയ ആദ്യകാലത്ത് മെഡിക്കല്‍ റെപ്രസെന്റിറ്റീവായിട്ടായിരുന്നു തുടക്കം. തുടര്‍ന്നാണ് ന്യൂ മെഡിക്കല്‍ ഹെല്‍ത്ത് കെയര്‍ (എന്‍എംസി) എന്ന ക്ലിനിക്കിക്കിന് തുടക്കമിടുന്നത്. അതിശയിപ്പിക്കുന്ന രീതിയിലായിരുന്നു ആസ്ഥാപനത്തിന്റെ വളര്‍ച്ച. എട്ട് രാജ്യങ്ങളിലെ 12 നഗരങ്ങളിലായി 45 ശാഖകള്‍ എന്‍എംസിക്കുണ്ട്.
1980കളിലാണ് യുഎഇ എക്സ്ചേഞ്ച് എന്ന ധനകാര്യ സ്ഥാനം ജനപ്രിയമാകുന്നത്. കേരളത്തിലേയ്ക്ക് പണമെത്തിക്കാന്‍ ഗള്‍ഫിലെ മലയാളികളില്‍ ഭൂരിഭാഗവും ആശ്രയിച്ചിരുന്നത് യുഎഇ എക്സ്ചേഞ്ചിനെയാണ്. പിന്നീട് 31 രാജ്യങ്ങളിലായി 800ലധികം ശാഖകളുള്ള വമ്പന്‍ സ്ഥാപനമായി യുഎഇ എക്സ്ചേഞ്ച് വളര്‍ന്നു. 2014ലാണ് 27 രാജ്യങ്ങളിലായി 1500ലധികം എടിഎമ്മുകളുള്ള ട്രാവലെക്സ് എന്ന ഫോറിന്‍ എക്സ്ചേഞ്ച് സ്ഥാപനത്തെ ഷെട്ടി ഏറ്റെടുക്കുന്നത്.
ഷെട്ടിയുടെ എന്‍എംസി നിയോ ഫാര്‍മ ലണ്ടന്‍ സ്റ്റോക്ക് എസ്‌ക്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തതിലൂടെ 2012ല്‍ 33 കോടി ഡോളറാണ് അദ്ദേഹം സമാഹരിച്ചത്. ആ പണമുപയോഗിച്ച് അബുദാബി ഖലീഫ സിറ്റിയില്‍ വലിയ ആശുപത്രി സമുച്ചയം അദ്ദേഹം പടുത്തുയര്‍ത്തി. 420 കോടി ഡോളറായിരുന്നു 2008ലെ ഫോബ്സിന്റെ വിലയിരുത്തല്‍ പ്രകാരം ഷെട്ടിയുടെ സമ്പത്ത്.
2019ലാണ് ഷെട്ടിയുടെ കഷ്ടകാലം തുടങ്ങുന്നത്. മഡി വാട്ടേഴ്സ്-എന്ന അമേരിക്കന്‍ മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനം എംഎന്‍സിയുടെ സാമ്പത്തിക ക്രമക്കേടുകള്‍ സമ്പന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടു. ഇതോടെ എംഎന്‍എസിയുടെ ഓഹരിവില മൂന്നിലൊന്നായി കൂപ്പുകുത്തി. ഉന്നതതലത്തിലുള്ള രാജിവെച്ചൊഴിയലുകള്‍ക്കൊടുവില്‍ എന്‍എംസിയുടെ ഡയറക്ടര്‍ ആന്‍ഡ് നോണ്‍ എക്സിക്യുട്ടീവ് ചെയര്‍മാന്‍ എന്ന സ്ഥാനം ഷെട്ടിക്ക് രാജിവെയ്ക്കേണ്ടിവന്നു.
അതുകൊണ്ടൊന്നും തീര്‍ന്നില്ല ഷെട്ടിയുടെ പ്രശ്നങ്ങള്‍. സാമ്പത്തിക തട്ടിപ്പിനും വഞ്ചനയ്ക്കും വിചാരണ നേരിടേണ്ടിവന്നിരിക്കുകയാണിപ്പോള്‍. അബുദാബി കൊമേഴ്സ്യല്‍ ബാങ്കിന് 96.3 കോടി ഡോളര്‍, ദുബായ് ഇസ്ലാമിക് ബാങ്കിന് 54.1 കോടി ഡോളര്‍, അബുദാബി ഇസ്ലാമിക് ബാങ്കിന് 32.5 കോടി ഡോളര്‍, സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ് ബാങ്കിന് 25 കോടി ഡോളര്‍, ബാര്‍ക്ലെയ്സ് ബാങ്കിന് 14.6 കോടി ഡോളര്‍ എന്നിങ്ങനെ പോകുന്നു ഷെട്ടിയുടെ ബാധ്യതകള്‍. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ എന്‍എംസിയുടെ വ്യാപാരം ഫെബ്രവരിയില്‍ സസ്പെന്‍ഡ് ചെയ്തു. നവംബറില്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം ഓഹരിവിലയിലുണ്ടായ ഇടിവ് 60ശതമാനമാണ്.
ഒറ്റനോട്ടത്തില്‍.....
ഉഡുപ്പിയിലെ കാപ്പുവില്‍ 1942 ലാണ് ബാവഗുതു രഘുറാം ഷെട്ടിയെന്ന ബിആര്‍ ഷെട്ടിയുടെ ജനനം. ജന്‍ സംഘിന്റെ സ്ഥാനാര്‍ഥിയായി ഉഡുപ്പി നഗരസഭ കൗണ്‍സിലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. മെഡിക്കല്‍ റെപ്രസെന്ററ്റീവായി 1973ല്‍ അബുദാബിയിലെത്തി. 1975ല്‍ ന്യൂ മെഡിക്കല്‍ സെന്റര്‍-ക്ലിനിക്ക് തുടങ്ങി. അദ്ദേഹത്തിന്റെ ഭാര്യ ചന്ദ്രകുമാരി ഷെട്ടിയായിരുന്നു അവിടത്തെ ആദ്യ ഡോക്ടര്‍. 1980 ല്‍ പ്രവാസികള്‍ക്ക് നാട്ടിലേയ്ക്ക് പണമയക്കാന്‍ യുഎഇ എക്സ്ചേഞ്ച് തുടങ്ങി. 1981ല്‍ എന്‍എംസിയുടെ പ്രവര്‍ത്തനം യുഎഇലെമ്പാടും കൂടുതല്‍ മേഖലകളിലേയ്ക്ക് വ്യാപിപ്പിച്ചു.
2003ല്‍ മരുന്നു നിര്‍മാണക്കമ്പനിയായ നിയോ ഫാര്‍മയ്ക്ക് അബുദാബിയില്‍ തുടക്കമിട്ടു. 2005ല്‍ അബുദാബി സര്‍ക്കാരിന്റെ പരമോന്നത സിവിലിയന്‍ ബഹുമതി ഷെട്ടിക്ക് ലഭിച്ചു. 2010 ല്‍ ദുബായിയിലെ ബുര്‍ജ് ഖലീഫയിലെ രണ്ട് നിലകള്‍ അദ്ദേഹം സ്വന്തമാക്കി. 2012 എന്‍എംസി ലണ്ടന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത് 187 മില്യണ്‍ ഡോളര്‍ നേടി. 2017ല്‍ 1000 കോടി രൂപ മുടക്കി മഹാഭാരത-സിനിമ പ്രഖ്യാപിച്ചെങ്കിലും അത് നടന്നില്ല.
2019ല്‍ എന്‍എംസി ഹെല്‍ത്തിനെതിരെ മഡി വാട്ടേഴ്സ് ആരോപണ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടു. 2020ല്‍ ഷെട്ടി എന്‍എംസി ഹെല്‍ത്തിനെതിരെ മഡി വാട്ടേഴ്സ് ആരോപണ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടു. 2020ല്‍ ഷെട്ടി എന്‍എംസി ഹെല്‍ത്ത് കെയറിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും ട്രാവലക്‌സിന്റെ ബോര്‍ഡില്‍നിന്നും രാജിവെയ്ക്കുന്നു. ഇരുകമ്പനികളുടെയും ഓഹരി വ്യാപാരം സസ്പെന്റു ചെയ്യുന്നതും തുടര്‍ന്നാണ്. 2020 ഏപ്രിലില്‍ വ്യക്തിപരമായ കാരണങ്ങളാല്‍ ഷെട്ടി ഇന്ത്യയിലെത്തി. വ്യമയാന നിയന്ത്രണങ്ങള്‍ നീക്കിയാല്‍ യുഎഇയിലേയ്ക്ക് തിരിച്ചുപോകുമെന്ന് അദ്ദേഹം പറയുന്നു.