
2019-20 സാമ്പത്തിക വര്‍ഷത്തില്‍ നേരിട്ടുള്ള നികുതി പിരിവ് ഗണ്യമായി കുറഞ്ഞതിന്റെ ആശങ്ക പങ്കുവച്ച് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് റിപ്പോര്‍ട്ട്. രാജ്യത്തെ സാമ്പത്തിക തളര്‍ച്ച മറികടക്കാനും പുതിയ നിക്ഷപങ്ങള്‍ കൊണ്ടുവരാനും കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച കോര്‍പ്പറേറ്റ് നികുതി നിരക്ക് കുറയ്ക്കല്‍, സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍, വ്യക്തിഗത ആദായ നികുതി ഇളവ് എന്നിവയാണ് നികുതി വരവ് കുറയാന്‍ ഇടയാക്കിയത്.
സാമ്പത്തിക വര്‍ഷത്തില്‍ നേരിട്ടുള്ള നികുതി പിരിവ് 4.92 ശതമാനം ഇടിഞ്ഞാണ് 12.33 ലക്ഷം കോടി രൂപയായത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം നേരിട്ടുള്ള നികുതി പിരിവ് 12,97,674 കോടി രൂപയായിരുന്നു. കോര്‍പ്പറേറ്റ് നികുതി നിരക്ക് കുറയ്ക്കല്‍, വ്യക്തിഗത ആദായ നികുതി ഇളവ് എന്നിവ മൂലം യഥാക്രമം 145000 കോടി രൂപയും 23200 കോടി രൂപയും ആണ് ഇക്കുറി വരുമാനത്തില്‍ താഴ്ന്നത്. ഈ കുറവ് വന്നിരുന്നില്ലെങ്കില്‍ മൊത്തം വരവ് എട്ട് ശതമാനം വളര്‍ച്ച നേടി 2019-20 ല്‍ 14.01 ലക്ഷം കോടി രൂപയാകുമായിരുന്നു.
ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തം നേരിട്ടുള്ള നികുതി പിരിവ് 2018-19 സാമ്പത്തിക വര്‍ഷത്തെ മൊത്തം നേരിട്ടുള്ള നികുതി പിരിവിനേക്കാള്‍ കുറവായിരുന്നു എന്നത് ഒരു വസ്തുതയാണ്. എന്നാല്‍ നേരിട്ടുള്ള നികുതി പിരിവിലെ ഈ ഇടിവ് പ്രതീക്ഷിച്ച രീതിയിലായിരുന്നു, താല്‍ക്കാലിക കാരണങ്ങളാല്‍. ചരിത്രപരമായ നികുതി പരിഷ്‌കാരങ്ങളും 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇഷ്യു ചെയ്ത ഉയര്‍ന്ന റീഫണ്ടുകളും കാരണമാണ് ഇതുണ്ടായത് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ്് (സിബിഡിടി) വിശദീകരിച്ചു.