ഫാസ്ടാഗില്‍ പണമില്ലെങ്കില്‍ ഇരട്ടി പിഴ; നിയമം പ്രാബല്യത്തില്‍

May 19, 2020 |
|
News

                  ഫാസ്ടാഗില്‍ പണമില്ലെങ്കില്‍ ഇരട്ടി പിഴ; നിയമം പ്രാബല്യത്തില്‍

തൃശ്ശൂര്‍: തുക തീര്‍ന്ന ഫാസ്ടാഗുമായി ടോള്‍ പ്ലാസയിലെത്തുന്ന വാഹനങ്ങള്‍ക്ക് ഇരട്ടി തുക പിഴയീടാക്കാനുള്ള തീരുമാനം വാഹന യാത്രക്കാരെ ആശങ്കയിലാക്കുന്നു. ജില്ലയില്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ കഴിഞ്ഞ 15 മുതല്‍ നിയമം പ്രാബല്യത്തിലുണ്ട്. ഫാസ്ടാഗ് പതിച്ച വാഹനങ്ങളില്‍ വലിയ ശതമാനം ടോള്‍ ബൂത്തിനു മുന്നിലെത്തുമ്പോഴാണ് ടാഗില്‍ തുകയില്ലാത്ത കാര്യം അറിയുന്നത്. അക്കൗണ്ടിലേക്ക് ഓണ്‍ലൈന്‍ വഴി കൈമാറ്റം ചെയ്യുന്നതിനാല്‍ മിക്കവാറും ഗുണഭോക്താക്കള്‍ ടോള്‍ ബൂത്തിലെത്തുമ്പോഴാണ് ഈ കാര്യം ശ്രദ്ധിക്കുക.

പാലിയേക്കരയില്‍ നിലവില്‍ മൂന്ന് ഫാസ്ടാഗ് ട്രാക്കുകളും രണ്ട് ഹൈബ്രിഡ് ട്രാക്കുകളുമാണുള്ളത്. ഫാസ്ടാഗ് ട്രാക്കില്‍ തെറ്റി കയറുന്ന ടാഗില്ലാത്ത വാഹനങ്ങളില്‍ നിന്ന് നേരത്തേ ടോള്‍ തുകയുടെ ഇരട്ടി പിഴയീടാക്കുന്നുണ്ട്. നിലവില്‍ വാലിഡിറ്റിയില്ലാത്ത ടാഗ് ഉടമകള്‍ ടോള്‍ തുക നല്‍കി കടന്നുപോകുന്നുണ്ടെങ്കിലും പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ ഇവരെല്ലാം ഇനി പിഴ നല്‍കേണ്ടിവരും. ലോക്ഡൗണില്‍ വാഹനങ്ങളുടെ കുറവുമൂലം പ്രശ്‌നം ഗുരുതരമായി ബാധിച്ചിട്ടില്ല. എന്നാല്‍ വാഹനത്തിരക്ക് സാധാരണ നിലയിലാകുന്നതോടെ സ്ഥിതി മോശമാകും.

ടോള്‍ തുകയും പ്രാദേശിക സൗജന്യ പാസും സ്വീകരിക്കുന്ന ഹൈബ്രിഡ് ട്രാക്കുകള്‍ എണ്ണത്തില്‍ കുറവായതും ടാഗ് ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാകും. നിലവില്‍ പ്രാദേശിക പാസുകാരും ഫാസ്റ്റാഗില്ലാത്തവരുമായി ടോള്‍ബൂത്തില്‍ വാഹനങ്ങളുടെ നീണ്ടനിരയാണ്. ഇനി വാലിഡിറ്റിയില്ലാത്ത ഫാസ്റ്റാഗ് വാഹനങ്ങള്‍ കൂടിയാകുമ്പോള്‍ ടോള്‍ പ്ലാസയില്‍ വാഹനത്തിരക്ക് ഇപ്പോഴുള്ളതിന്റെ ഇരട്ടിയാകും.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved