
ന്യൂഡല്‍ഹി: ഫാസ്ടാഗ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് നീട്ടി കേന്ദ്ര ഗതാഗത മന്ത്രാലയം. ഫെബ്രുവരി 15 മുതലാവും ഫാസ് ടാഗ് നിര്‍ബന്ധമാക്കുക. നേരത്തെ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എഎഐഐ) ടോളുകളിലെ പണമിടപാട് ജനുവരി ഒന്നു മുതല്‍ പൂര്‍ണമായും ഫാസ്ടാഗിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു. നിലവില്‍ 75 ശതമാനം മുതല്‍ 80 ശതമാനം വരെ മാത്രമാണ് ഫാസ്ടാഗ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ നടക്കുന്നത്. ഇത് 100 ശതമാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തിലാണ് പുതിയ ഉത്തരവ്.
ടോള്‍ പ്ലാസയില്‍ നേരിട്ടുള്ള പണമിപാട് നല്കാതെ അക്കൗണ്ട് വഴി ഓട്ടോമാറ്റിക്കായി പണം നല്കുന്ന സംവിധാനമാണ് ഫാസ് ടാഗ്. ടോള്‍ പ്ലാസയിലെ പണമിടപാടുകള്‍ നിരുത്സാഹപ്പെടുത്തുന്നതിനായി, ഓരോ വശത്തും ഒരെണ്ണം ഒഴികെയുള്ള എല്ലാ പാതകളും 'ഫാസ്റ്റ് ടാഗ് പാതകള്‍' എന്നായി മാറ്റിയിരുന്നു. അതോടെ നിലവില്‍ ഫാസ് ടാഗ് ഇല്ലാതെയുള്‌ല വാഹനങ്ങള്‍ക്ക് ടോള്‍ പ്ലാസയിലെ ഈ ഒരു ലൈനിലൂടെ മാത്രമേ കടന്നു പോകുവാന്‍ സാധിക്കൂ. കൂടാതെ ഫാസ്റ്റ് ടാഗ് ഇല്ലാതെ മറ്റു പാതകളിലേക്ക് പ്രവേശിക്കുന്ന ഏത് വാഹനവും സാധാരണ ടോള്‍ ഫീസിന്റെ ഇരട്ടി നല്‍കേണ്ടിയും വരും.
സമയലാഭം, ഇന്ധന ലാഭം തുടങ്ങിയവ ഫാസ്ടാഗ് ഉപയോഗം വഴി ഉറപ്പു വരുത്താം. ടോള്‍ നല്കുന്നതിനായള്‌ല ക്യൂ പരമാവധി ഒഴിവാക്കുവാന്‍ ഇതുവഴി സാധിക്കും. രാജ്യത്തെ എല്ലാ ടോള്‍ പാതകളിലും ടോള്‍ പിരിവിന് ഉപയോഗിക്കുവാന്‍ സാധിക്കുന്ന ഏകീകൃത സംവിധാനമാണിത്. ടോള്‍ പ്ലാസകളില്‍ നിന്നും തിരഞ്ഞെടുത്ത ബാങ്ക് ശാഖകളില്‍ നിന്നും ഫാസ് ടാഗ് വാങ്ങാം.