
കൊച്ചി: ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) 2019-20 ല്‍ 13 ശതമാനം വര്‍ധിച്ച് 4,997 കോടി ഡോളറായി. ഏതാണ്ട് 3.75 ലക്ഷം കോടി രൂപ. നിലവില്‍ ഇത് റെക്കോഡാണ്. 2018-19 സാമ്പത്തിക വര്‍ഷം 4,436 കോടി ഡോളറായിരുന്നു നേരിട്ടുള്ള വിദേശ നിക്ഷേപമായി ലഭിച്ചത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിദേശ നിക്ഷേപം ഏറ്റവുമധികം ലഭിച്ചത് സേവന മേഖലയ്ക്കും കംപ്യൂട്ടര്‍ സോഫ്റ്റ്വേര്‍, ഹാര്‍ഡ്വേര്‍ മേഖലകള്‍ക്കുമാണ്. യഥാക്രമം 785 കോടി ഡോളറും 767 കോടി ഡോളറുമാണ് മേഖലകള്‍ നേടിയത്. വ്യാപാരം (457 കോടി ഡോളര്‍), ടെലി കമ്മ്യൂണിക്കേഷന്‍സ് (444 കോടി ഡോളര്‍), വാഹനം (282 കോടി ഡോളര്‍), നിര്‍മാണം (200 കോടി ഡോളര്‍), കെമിക്കല്‍സ് (100 കോടി ഡോളര്‍) എന്നിവയാണ് വിദേശ നിക്ഷേപം ആകര്‍ഷിച്ച മറ്റു മേഖലകള്‍.
ഇന്ത്യയിലേക്ക് ഏറ്റവുമധികം വിദേശം നിക്ഷേപം നടത്തിയ രാജ്യം സിങ്കപ്പൂരാണ്. 1,467 കോടി ഡോളറാണ് സിങ്കപ്പൂരിലെ സ്ഥാപനങ്ങള്‍ നിക്ഷേപിച്ചത്. മൗറീഷ്യസ് (824 കോടി ഡോളര്‍), നെതര്‍ലാന്‍ഡ്സ് (650 കോടി ഡോളര്‍), അമേരിക്ക (422 കോടി ഡോളര്‍), കേയ്മന്‍ ഐലന്‍ഡ്സ് (370 കോടി ഡോളര്‍), ജപ്പാന്‍ (322 കോടി ഡോളര്‍), ഫ്രാന്‍സ് (189 കോടി ഡോളര്‍) എന്നീ രാജ്യങ്ങളും ഇന്ത്യയില്‍ നിക്ഷേപിച്ചു.