
ന്യൂഡല്‍ഹി: ഉപഭോക്തൃ വിലയെ അടിസ്ഥാനമാക്കിയുള്ള റീടെയ്ല്‍ പണപ്പെരുപ്പം സംബന്ധിച്ച ഔദ്യോഗിക റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു. മാര്‍ച്ച് മാസത്തില്‍ ഫെബ്രുവരിയേക്കാള്‍ വിലക്കയറ്റ തോത് ഉയര്‍ന്നു. ഫെബ്രുവരിയില്‍ 5.03 ശതമാനമായിരുന്നത് 5.52 ശതമാനമായാണ് ഉയര്‍ന്നത്. പച്ചക്കറികളുടെ വില 4.83 ശതമാനം ഇടിയുകയാണ് ചെയ്തത്.
എന്നാല്‍, ഓയില്‍ ആന്റ് ഫാറ്റ് ഉല്‍പ്പന്നങ്ങളുടെ വിലയില്‍ 24.92 ശതമാനം വില വര്‍ധിച്ചു. മത്സ്യം, ഇറച്ചി ഉല്‍പ്പന്നങ്ങളുടെ വില 15.09 ശതമാനവും, നോണ്‍ ആല്‍ക്കഹോളിക് പാനീയങ്ങള്‍ 14.41 ശതമാനവും മുട്ടയുടെ വില 10.6 ശതമാനവും പഴങ്ങളുടെ വില 7.86 ശതമാനവും സുഗന്ധവ്യഞ്ജനങ്ങളുടെ വില 6.72 ശതമാനവും ക്ഷീരോല്‍പ്പന്നങ്ങളുടെ വില 2.24 ശതമാനവും വര്‍ധിച്ചു.
റീടെയ്ല്‍ പണപ്പെരുപ്പത്തെ അടിസ്ഥാനപ്പെടുത്തിയാണ് റിസര്‍വ് ബാങ്ക് തങ്ങളുടെ ധനനയം തീരുമാനിക്കുന്നത്. ഈ മാസമാദ്യം ചേര്‍ന്ന റിസര്‍വ് ബാങ്ക് യോഗത്തില്‍ റീടെയ്ല്‍ പണപ്പെരുപ്പം അഞ്ച് ശതമാനമാക്കാന്‍ നിശ്ചയിച്ചിരുന്നു.