
ന്യൂഡല്‍ഹി: വ്യാവസായിക മേഖലയില്‍ പ്രതീക്ഷിച്ച വളര്‍ച്ച കൈവരിക്കാന്‍ പറ്റിയില്ലെന്ന് റിപ്പോര്‍ട്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ നേട്ടം കാതല്‍ വ്യാവസായിക മേഖലയില്‍ നിന്ന് സാധ്യമായില്ല. 19 മാസത്തിനിടെ ഏറ്റവും കുറഞ്ഞ വളര്‍ച്ചയാണ് കൈവരിച്ചതെന്നാണ് റിപ്പോര്‍ട്ടിലൂടെ വെളിപ്പെടുത്തുന്നത്. മുന്‍വര്‍ഷങ്ങളില്‍ ഇതേ കാലയളവില്‍ ചെറിയ തോതിലെങ്കിലും കാതല്‍ മേഖലയില്‍ വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചിരുന്നതായാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.
2018 ഫിബ്രുവരിയില്‍ 5.4 ശതമാനം വളര്‍ച്ചയാണ് കാതല്‍ മേഖലയില്‍ ഉണ്ടായിരുന്നത്. 2019 ഫിബ്രുവരിയിലെത്തിയപ്പോള്‍ ഇത് 2.1 ശതമാനമായി കുറയുകയും ചെയ്തുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. എന്നാല്‍ 2019 ജനുവരിയുടെ തുടക്കത്തില്‍ തന്നെ വ്യാവസായി മേഖലയില്‍ വലിയ തളര്‍ച്ചയാണ് നേരിട്ടതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 2019 ജനുവരിയില്‍ 1.5 ശതമാനം മാത്രമാണ് കാതല്‍ മേഖലയില്‍ വളര്‍ച്ച നേടാന്‍ സാധിച്ചത്.
ഉത്പാദനം കുറഞ്ഞതോടെയാണ് കാതല്‍ മേഖലയിലെ വളര്‍ച്ചയില്‍ വലിയ ഇടിവുണ്ടായിട്ടുള്ളത്. വിപണി വിലയിലുണ്ടായ ചാഞ്ചാട്ടവുമെല്ലാം കാതല്‍ വ്യാവസായിക മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സിമന്റ് ഉത്പാദനം 23 ശതമാനത്തില്‍ നിന്ന് 8 ശതമാനമായി കുറഞ്ഞു. സ്റ്റീല്‍ ഉത്പാദനം 5 ശതമാനത്തില്‍ നിന്ന് 4.9 ശതമാനമായും, വൈദ്യുതി ഉത്പാദനം 4.6 ശതമാനത്തില്‍ നിന്ന് 0.7 ശതമാനമായി കുറയുകയും ചെയ്തു. റിഫൈനറി പ്രൊഡക്ടറ്റ് ഉത്പാദന മേഖലയിലും വലിയ ഇടിവാണ് ഉണ്ടായിട്ടുള്ളത്. 7.8 ശതമാനത്തില്‍ നിന്ന് 0.8 ശതമാനമായി കുറയുകയും ചെയ്തു. 2018 ഫിബ്രുവരിയിലെയും 2019 ഫിബ്രുവരിയിലെയും കണക്കുകളാണിത്.
വളര്‍ച്ചയില്‍ കുറവ് വന്നത് ഉത്പാദന ചിലവ് വര്‍ധിച്ചതും, വിപണി രംഗത്ത് പ്രതീക്ഷിച്ച രീതിയില്‍ കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കാന്‍ സാധിക്കാത്തത് മൂലമാണ് വളര്‍ച്ചയില്‍ ഇടിവ് വന്നതെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. കാതല്‍ മേഖലയിലെ തളര്‍ച്ച വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഉത്പാദന മേഖലയിലെ കുറവ് കാരണം കയറ്റുമതിയെയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്.