ഫെഡറല്‍ ബാങ്ക് വാര്‍ഷിക പൊതുയോഗം

July 17, 2020 |
|
News

                  ഫെഡറല്‍ ബാങ്ക് വാര്‍ഷിക പൊതുയോഗം

കൊച്ചി: ഫെഡറല്‍ ബാങ്ക് ഓഹരി ഉടമകളുടെ 89ാമത് വാര്‍ഷിക പൊതുയോഗം വ്യാഴാഴ്ച നടന്നു. ബാങ്ക് ചെയര്‍പേഴ്സണ്‍ ഗ്രേസ് കോശിയുടെ അധ്യക്ഷതയില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു യോഗം. ഫെഡറല്‍ ബാങ്ക് ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. 2019-20 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് ചെയ്ത സാമ്പത്തിക ഫലങ്ങള്‍ക്ക് ഓഹരി ഉടമകളുടെ അംഗീകാരം തേടി.

കടപത്രം വഴി ഉള്‍പ്പെടെ 8000 കോടി രൂപ വരെയുള്ള ഫണ്ട് സമാഹരണത്തിനും, ടയര്‍ വണ്‍ മൂലധനം 4000 കോടി രൂപ വരെ ഉയര്‍ത്താനും ബാങ്കിന്റെ അംഗീകൃത ഓഹരി മൂലധനം 500 കോടി രൂപയില്‍ നിന്ന് 800 കോടി രൂപയായി ഉയര്‍ത്താനും യോഗം ഓഹരി ഉടമകളുടെ അനുമതി തേടി. പാര്‍ട് ടൈം ചെയര്‍പേഴ്സണായുള്ള ഗ്രേസ് കോശിയുടെ നിയമനം രേഖപ്പെടുത്തുന്നതിനും എംഡിയും സിഇഒയുമായി ശ്യാം ശ്രീനിവാസന്‍, എക്സിക്യൂട്ടീവ് ഡയറക്ടരായി അഷുതോഷ് ഖജുരിയ എന്നിവരെ പുനര്‍നിയമിക്കുന്നതിനും, എക്സിക്യൂട്ടീവ് ഡയറക്ടറായുള്ള ശാലിനി വാര്യരുടെ നിയമനത്തിനും ഗ്രേസ് കോശിയെ നോണ്‍-എക്സിക്യൂട്ടീവ് നോണ്‍ ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടറായും സുദര്‍ശന്‍ സെന്നിനെ ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടറായും നിയമിക്കുന്നതിനും യോഗം അനുമതി തേടി.

രാജ്യത്ത് എല്ലാവരുടേയും ആദ്യ പരിഗണനയിലെത്തുന്ന ബാങ്കായി ഫെഡറല്‍ ബാങ്കിനെ മാറ്റാനുള്ള ശ്രമങ്ങളെ കുറിച്ച് യോഗത്തില്‍ ചെയര്‍പേഴ്സണ്‍ ഗ്രേസ് കോശി സംസാരിച്ചു. പോയ സാമ്പത്തിക വര്‍ഷത്തെ ബാങ്കിന്റെ സുസ്ഥിര വളര്‍ച്ച, പുതിയ വരുമാന മാര്‍ഗങ്ങളുടെ സൃഷ്ടിപ്പ്, നവീന ഡിജിറ്റല്‍ പദ്ധതികള്‍, മനുഷ്യവിഭശേഷി മികവ് എന്നിവ സംബന്ധിച്ച് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ വിശദീകരിച്ചു. മത്സരം നിറഞ്ഞ ബാങ്കിങ് രംഗത്ത് ഫെഡറല്‍ ബാങ്കിനെ ഒന്നാമതെത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

© 2025 Financial Views. All Rights Reserved