
ദുബായ്: യുഎഇയിലുള്ള ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് സൗജന്യമായി പണമയക്കുന്നതിനുള്ള അവസരമൊരുക്കി യുഎഇയിലെ മഷ്റെഖ് ബാങ്ക്. ഇന്ത്യയിലെ ഫെഡറല്‍ ബാങ്കുമായി ചേര്‍ന്നാണ് മഷ്റെഖ് ഈ സൗജന്യ പണമയക്കല്‍ സേവനം അവതരിപ്പിച്ചിരിക്കുന്നത്. മഷ്റെഖിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ക്വിക്ക്റെമിറ്റ് വഴിയാണ് പ്രവാസികള്‍ക്ക് സൗജന്യമായി നാട്ടിലേക്ക് പണയക്കാന്‍ കഴിയുക. ക്വിക്ക്റെമിറ്റന്‍സ് വഴി ഇന്ത്യയിലേക്ക് പണമയക്കുമ്പോള്‍ റെമിറ്റന്‍സ് ഫീസ് ഈടാക്കില്ലെന്ന് മഷ്റെഖ് അറിയിച്ചു.
എന്‍ഡ് ടു എന്‍ഡ് ഓട്ടോമേറ്റഡ് ആയിട്ടുള്ള ക്വിക്ക്റെമിറ്റ് പ്ലാറ്റ്ഫോമിലൂടെ ഉപഭോക്താക്കള്‍ക്ക് വളരെ വേഗത്തില്‍ സുരക്ഷിതമായി ഇന്ത്യയിലേക്ക് പണമയക്കാന്‍ സാധിക്കുമെന്ന് ഫെഡറല്‍ ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍ പ്രതികരിച്ചു. യുഎഇയിലെ ഇന്ത്യന്‍ സമൂഹത്തിന് ഇത് വളരെ ഉപകാരപ്രദമാകുമെന്നും ശാലിനി പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ത്യയുടെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് പ്രവാസിപ്പണം .യുഎഇ കേന്ദ്രബാങ്കിന്റെ 2020ലെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം യുഎഇയില്‍ നിന്നും വിദേശത്തേക്കുള്ള വ്യക്തിഗത പണമയക്കലിന്റെ 33.6 ശതമാനവും ഇന്ത്യയിലേക്കാണ് എത്തുന്നത്.
2020ല്‍ മഷ്റെഖ് ബാങ്ക് മുഖേനയുള്ള ക്വിക്ക്റെമിറ്റ് ഇടപാടുകള്‍ 50 ശതമാനം വളര്‍ച്ചയുണ്ടായതായി ബാങ്ക് അറിയിച്ചു. യുഎഇയിലെ പണമയക്കല്‍ വിപണിയുടെ വളര്‍ച്ച മെച്ചപ്പെടുകയും പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള സ്ഥിതിയിലേക്ക് മടങ്ങിവരാന്‍ ആരംഭിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഫെഡറല്‍ ബാങ്കുമായുള്ള ഈ പങ്കാളിത്തം വളരെ പ്രധാനപ്പെട്ടതാണെന്ന് മഷ്റെഖ് ബാങ്ക് എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റും കണ്‍സ്യൂമര്‍ ബാങ്കിംഗ് വിഭാഗം മേധാവിയുമായ തരൂണ്‍ ആസിഫ് പ്രതികരിച്ചു. മുന്‍ വര്‍ഷങ്ങളില്‍ വലിയ തോതിലുള്ള വളര്‍ച്ച കൈവരിച്ച ഇന്ത്യന്‍ ഇടനാഴിയില്‍ ക്വിക്ക്റെമിറ്റ് സേവനം കൂടുതല്‍ ശക്തമാക്കാനും ഈ പങ്കാളിത്തത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.