
മൊബൈല്‍ ബേസ്ഡ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കുന്നതിനായി ഫിന്‍ടെക് കമ്പനിയായ വണ്‍കാര്‍ഡുമായി കരാറിലെത്തി ഫെഡറല്‍ ബാങ്ക്. ഉത്സവ സീസണിനോടനുബന്ധിച്ചാവും മൊബൈല്‍ ബേസ്ഡ് ക്രെഡിറ്റ് കാര്‍ഡ് ഫെഡറല്‍ ബാങ്ക് ലോഞ്ച് ചെയ്യുന്നത്. രാജ്യം സാമ്പത്തീക ഉണര്‍വിലേക്കെത്തുന്നതിനൊപ്പം ഉത്സവ കാലത്ത് ഉപയോക്താക്കളുടെ ആവശ്യകതയും ഉയരുമെന്നും ഈ അവസരത്തില്‍ ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കുന്നത് നേട്ടമാകുമെന്നുമാണ് ഫെഡറല്‍ ബാങ്കിന്റെ വിലയിരുത്തല്‍.
വണ്‍കാര്‍ഡ് ആപ്പിലൂടെയാകും ക്രെഡിറ്റ് കാര്‍ഡ് ഇഷ്യൂ ചെയ്യുക. മൂന്ന് മിനിട്ടിനുള്ളില്‍ ഉപയോക്താക്കള്‍ക്ക് കാര്‍ഡ് ലഭിക്കും. കമ്പനിയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം കാര്‍ഡ് ലഭിച്ച ഉടന്‍ തന്നെ ് ആക്ടിവേറ്റ് ചെയ്യുകയും ഫിസിക്കല്‍ കാര്‍ഡ് കൈയ്യിലെത്തും വരെ വേര്‍ച്വല്‍ രൂപത്തില്‍ അത് ഉപയോഗപ്പെടുത്തുവാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കുകയും ചെയ്യും.
ആപ്പിലൂടെ ഉപയോക്താക്കള്‍ക്ക് കാര്‍ഡ് നിയന്ത്രിക്കുവാനും കഴിയും. അതായത് ആപ്പിലൂടെ തന്നെ ചിലവുകളും റിവാര്‍ഡുകളും ട്രാക്ക് ചെയ്യുന്നത് തുടങ്ങി കാര്‍ഡിന്റെ ട്രാന്‍സാക്ഷന്‍ പരിധി സെറ്റ് ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യാം. 23 വയസ്സ് മുതല്‍ 35 വയസ്സ് വരെ പ്രായമുള്ള യുവാക്കളെയാണ് പുതിയ ക്രെഡിറ്റ് കാര്‍ഡ് സേവനത്തിലൂടെ ബാങ്ക് ലക്ഷ്യമിടുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇന്ത്യന്‍ ജനസംഖ്യയുടെ 35 ശതമാനത്തിലേറെ മില്ലേനിയല്‍സും 27 ശതമാനത്തോളം ജനറേഷന്‍ ഇസെഡുമാണ്. ഈ വിഭാഗത്തെയാണ് ബാങ്ക് ലക്ഷ്യമിടുന്നത്. ഓരോ വര്‍ഷം കഴിയും തോറും ക്രെഡിറ്റ് കാര്‍ഡിനായുള്ള ആവശ്യക്കാരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.