
ന്യൂഡല്‍ഹി: ഗൂഗിള്‍ പേയില്‍ പണം കൈമാറുന്നവര്‍ നിശ്ചിത തുക ഫീസായി നല്‍കണമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൂഗിള്‍. ഇന്ത്യയിലെ ഉപഭോക്താക്കള്‍ പണം കൈമാറുന്നതിന് ഫീസ് നല്‍കേണ്ടതില്ലെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി തന്നെ ഗൂഗിള്‍ പേ ഉപയോഗിക്കാം. എന്നാല്‍ അമേരിക്കയിലെ ഉപഭോക്താക്കളില്‍ നിന്ന് ചാര്‍ജ് ഈടാക്കുമെന്നും കമ്പനി ഇപ്പോള്‍ അറിയിച്ചു. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം കൈമാറുന്ന ഉപഭോക്താക്കളില്‍ നിന്ന് 1.5 ശതമാനം ഫീസ് ഈടാക്കുമെന്നാണ് കമ്പനി നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഈ ഫീസ് നിരക്കുകള്‍ അമേരിക്കയില്‍ മാത്രമാണ് ബാധകമാകുയെന്ന് ഗൂഗിള്‍ അറിയിച്ചു. ഇന്ത്യയിലെ ഒരു സേവനങ്ങള്‍ക്ക് ഇത് ബാധകമാകില്ലെന്നാണ് കമ്പനി വൃത്തങ്ങള്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്.
അടുത്ത വര്‍ഷാരംഭം മുതല്‍ ആന്‍ഡ്രോയിഡ് ഐഒഎസ് ഉപഭോക്താക്കള്‍ക്കായി പുനര്‍രൂപകല്‍പന ചെയ്ത ഗൂഗിള്‍ പേ അവതരിപ്പിക്കുമെന്നും വെബ് ആപ്പ് സേവനം നിര്‍ത്തുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഗൂഗിള്‍ വിശദീകരണവുമായി രംഗത്തെത്തിയത്. ഇന്ത്യയില്‍ മാത്രം ഏകദേശം 67 മില്യണ്‍ ഉപഭോക്താക്കളാണ് ഗൂഗിള്‍ പേയ്ക്കുള്ളത്.