
കൊച്ചി: കൊവിഡ് മഹാമാരിക്കെതിരെ പലതലങ്ങളിലുള്ള പ്രതിരോധം മാത്രമാണ് ഏക രക്ഷാമാര്‍ഗമെന്ന് ചീഫ് സെക്രട്ടറി ഡോ വിപി ജോയ്. പ്രതിരോധത്തിന്റെ പ്രധാനമാര്‍ഗമാണ് ലോക്ക്ഡൗണെന്നും അദ്ദേഹം പറഞ്ഞു. ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ സംഘടിപ്പിച്ച സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാണിജ്യ-വ്യവസായ മേഖലയില്‍ കൊവിഡ് വിതച്ചിരിക്കുന്ന ആശങ്കകള്‍ പരിഹരിക്കാന്‍ നടപടി വേണമെന്ന് ഫിക്കി പ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഇതിന് വിശദമായി തന്നെ ചീഫ് സെക്രട്ടറി മറുപടിയും നല്‍കി.
വാക്‌സീനേഷനില്‍ സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് കുറിച്ച് ?ഗൗരവതരമായി ആലോചിക്കുന്നുണ്ടെന്നും സ്വകാര്യ ആശുപത്രികളിലെ ക്വാട്ട വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യത്തിന് വാക്‌സീന്‍ ലഭിച്ചാല്‍ വിതരണം സുഗമമായി നടത്താന്‍ സര്‍ക്കാര്‍ തയാറാണെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
നാല് ജില്ലകളിലെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ അനിശ്ചിതകാലത്തേക്ക് തുടരില്ല. എത്രയും വേഗം നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. മൊറട്ടോറിയം അടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ തീരുമാനം എടുക്കാന്‍ കഴിയൂ. മത്സ്യമേഖലയിലും കയറ്റുമതി മേഖലയിലും പ്രതിസന്ധി അടിയന്തിരമായി പരിഹരിക്കും. ചരക്ക് നീക്കം സുഗമമാക്കാന്‍ നിര്‍ദേശം നല്‍കി. എത്രയും വേഗം ജനജീവിതം സാധാരണ നിലയിലാകാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.