വിനോദ നികുതി ഇളവ് തുടര്‍ന്നില്ലെങ്കില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചേക്കും

December 30, 2021 |
|
News

                  വിനോദ നികുതി ഇളവ് തുടര്‍ന്നില്ലെങ്കില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചേക്കും

കൊച്ചി: സിനിമ പ്രദര്‍ശനത്തിനുള്ള വിനോദ നികുതിക്ക് ഡിസംബര്‍ 31 വരെ നല്‍കിയിരിക്കുന്ന ഇളവു തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ തിയറ്ററുടമകള്‍ ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കുമെന്നു സൂചന. നിലവില്‍, വിനോദ നികുതിയുടെ ഗണ്യമായ ഭാഗം സ്വയം വഹിച്ചാണു തിയറ്റര്‍ ഉടമകള്‍ ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നത്. എന്നാല്‍, തിയറ്ററുകളില്‍ 50% സീറ്റുകളില്‍ മാത്രമാണു പ്രവേശനമെന്നിരിക്കെ, ഇനിയും നഷ്ടം സഹിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് അവര്‍.

വിനോദ നികുതിയുടെ ഭാരത്തില്‍ നിന്ന് ഒഴിവാകാന്‍ തിയറ്ററുകള്‍ തീരുമാനിച്ചാല്‍ 100 രൂപ ടിക്കറ്റ് വില 105 രൂപയാകും; 110 രൂപയുടെ ടിക്കറ്റിനു 121 രൂപ. ഉയര്‍ന്ന ടിക്കറ്റുകള്‍ക്ക് ആനുപാതികമായി വിലയേറും. ജിഎസ്ടിക്കു പുറമേയാണു സംസ്ഥാനം സിനിമ ടിക്കറ്റിനു വിനോദ നികുതി കൂടി ഈടാക്കുന്നത്. 'ഇരട്ട നികുതി' പിന്‍വലിക്കണമെന്ന ചലച്ചിത്ര വ്യവസായത്തിന്റെ അഭ്യര്‍ഥന സര്‍ക്കാര്‍ ഇതുവരെ പരിഗണിച്ചിട്ടില്ല. പകരം, കോവിഡ് പ്രതിസന്ധി പരിഗണിച്ച് ഏപ്രില്‍ ഒന്ന്  ഡിസംബര്‍ 31 കാലയളവില്‍ മാത്രം വിനോദ നികുതി ഇളവു നല്‍കി. ടിക്കറ്റ് നിരക്കു വര്‍ധന സംബന്ധിച്ച് പക്ഷേ, തിയറ്റര്‍ ഉടമാ സംഘടനകള്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല.

Related Articles

© 2025 Financial Views. All Rights Reserved