
കൊവിഡ് രണ്ടാം തരംഗത്തിന്റെ സാമ്പത്തിക ആഘാതം കണക്കിലെടുത്ത് അധിക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് മൂന്നാം തരംഗത്തിന്റെ ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യ വികസനവും പാക്കേജിന്റെ ഭാഗമാണ്. എട്ടിന കര്‍മപദ്ധതിയാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്. 1.1 ലക്ഷം കോടി രൂപയുടെ വായ്പാ ഗാരന്റി പദ്ധതി, ആരോഗ്യ മേഖലയ്ക്ക് 50,000 കോടി രൂപ, 25 ലക്ഷം പേര്‍ക്ക് മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ വഴി വായ്പാ സഹായം എന്നിവയാണ് സുപ്രധാന പ്രഖ്യാപനങ്ങള്‍. ഇത്തരം വായ്പകളുടെ പരമാവധി വായ്പ കാലാവധി മൂന്ന് വര്‍ഷമായിരിക്കും. റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിക്കുന്ന പരമാവധി നിരക്കിനെക്കാള്‍ കുറഞ്ഞത് രണ്ട് ശതമാനം എങ്കിലും താഴെയായിരിക്കണം പലിശ നിരക്ക്.
പുതിയ പദ്ധതികള്‍ക്ക് 75 ശതമാനം വരെ വായ്പയും ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന്റെ ഭാഗമായി ആരംഭിച്ച എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്‌കീമിനായി ആകെ 1.5 ട്രില്യണ്‍ രൂപയാണ് കേന്ദ്രസര്‍ക്കാര്‍ അധികമായി കണക്കാക്കുന്നത്. ഇസിജിഎല്‍എസ് പദ്ധതി പ്രകാരം ഇതുവരെ 2.69 ലക്ഷം കോടി രൂപ വായ്പയായി വിതരണം ചെയ്തു. രജിസ്റ്റര്‍ ചെയ്ത 11,000 ടൂറിസ്റ്റ് ഗൈഡുകള്‍ / യാത്ര, ടൂറിസം പങ്കാളികള്‍ എന്നിവരുടെ സാമ്പത്തിക സഹായ ബാധ്യതകള്‍ നിറവേറ്റുന്നതിനോ ബിസിനസ്സ് പുനരാരംഭിക്കുന്നതിനോ ടൂറിസം മേഖലയിലെ ആളുകള്‍ക്കായി പ്രവര്‍ത്തന മൂലധനം / വ്യക്തിഗത വായ്പാ പദ്ധതി വ്യാപിപ്പിക്കും. ടൂറിസം മേഖലയിലുളളവര്‍ക്ക് 10 ലക്ഷം രൂപ വരെ വായ്പ, അഞ്ച് ലക്ഷം സൗജന്യം ടൂറിസ്റ്റ് വിസകള്‍ എന്നിവയും കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗര്‍ യോജന 2022 മാര്‍ച്ച് 31 വരെ നീട്ടും, 2021 ജൂണ്‍ 18 വരെ 79,577 സ്ഥാപനങ്ങളിലെ 2.14 ദശലക്ഷം ഗുണഭോക്താക്കള്‍ക്ക് പദ്ധതി പ്രകാരം 902 കോടി രൂപയുടെ ആനുകൂല്യം വിതരണം ചെയ്തു. ഡിഎപി, എന്‍പികെ വളങ്ങള്‍ക്കായി 14,775 കോടി രൂപ അധിക സബ്‌സിഡി. ഡിഎപിക്ക് 9,125 കോടി രൂപയും എന്‍പികെ അടിസ്ഥാനമാക്കിയുള്ള കോംപ്ലക്‌സ് രാസവളങ്ങള്‍ക്ക് 5,650 കോടി രൂപയും. പ്രധാനമന്ത്രി ഗരിബ് കല്യാണ്‍ അന്ന യോജന പ്രകാരം, 2021 മെയ് മുതല്‍ നവംബര്‍ വരെ എന്‍എഫ്എസ്എ ഗുണഭോക്താക്കള്‍ക്ക് അഞ്ച് കിലോ ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി നല്‍കിവരുന്നു. ഇതിനായി മൊത്തം ചെലവ് 2,27,841 കോടി രൂപ കണക്കാക്കുന്നു. കുട്ടികള്‍ക്കും ശിശുരോഗ പരിചരണത്തിനും പ്രത്യേക ഊന്നല്‍ നല്‍കിക്കൊണ്ട് ഹ്രസ്വകാല അടിയന്തര തയ്യാറെടുപ്പിന്റെ ഭാഗമായുളള പുതിയ പദ്ധതികളും കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.