
ന്യൂഡല്‍ഹി: ഒറ്റത്തവണ വായ്പ പുനഃക്രമീകരണത്തിനുള്ള നടപടി ക്രമങ്ങള്‍ ഈ മാസം പതിനഞ്ചോടെ തയാറാക്കണമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബാങ്കുകളോടും ബാങ്കിതര ധനസ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച പദ്ധതികളും നടപടിക്രമങ്ങളും ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും മേധാവികളുമായി മന്ത്രി ചര്‍ച്ച നടത്തി. വ്യക്തിഗത വായ്പകള്‍ക്കും വിവിധ വിഭാഗങ്ങള്‍ക്കു നല്‍കാവുന്ന വായ്പകള്‍ക്കും കഴിയുന്നത്ര പരിഗണന നല്‍കണം. വായ്പയ്ക്ക് അര്‍ഹരായവരിലേക്ക് ബാങ്കുകള്‍ എത്തണം.
കോവിഡുമായി ബന്ധപ്പെട്ട് തിരിച്ചടയ്ക്കലിലുണ്ടായ വീഴ്ചകള്‍ വായ്പ നല്‍കുന്നതിനെ ബാധിക്കരുതെന്നും മന്ത്രി നിര്‍ദേശിച്ചു. വായ്പകള്‍ പുനഃക്രമീകരിക്കുന്നതും മൊറട്ടോറിയം നീക്കിയതു സംബന്ധിച്ചുമെല്ലാമുള്ള സംശയങ്ങള്‍ക്കുള്ള മറുപടികള്‍ ഹിന്ദിയിലും ഇംഗ്ലിഷിലും മറ്റു പ്രാദേശിക ഭാഷകളിലും ബാങ്കുകളുടെ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കുകയും ആവശ്യമെങ്കില്‍ പുതുക്കുകയും വേണം. മാധ്യമങ്ങളിലൂടെയും വ്യാപക പ്രചാരണം നല്‍കണം. 20.97 ലക്ഷം കോടിയുടെ ആത്മനിര്‍ഭര്‍ പാക്കേജിനു കീഴിലുള്ള പദ്ധതികളും അവലോകനം ചെയ്തു.
അതേസമയം വായ്പ പുനഃക്രമീകരണം ചെറുകിട വായ്പാ ദാതാക്കള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് ധനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ബാങ്കിതര ധനസ്ഥാപനങ്ങള്‍ (എന്‍ബിഎഫ്‌സി) പറഞ്ഞു. ലോണുകളുടെ പുനഃക്രമീകരണം സംബന്ധിച്ച് വ്യക്തതയില്ല. ഡോക്യുമെന്റേഷനും അധികവ്യവസ്ഥകളും കൈകാര്യം ചെയ്യുന്നത് ബാധ്യത സൃഷ്ടിച്ചേക്കും. ചെറുവായ്പകള്‍ക്ക് ഒറ്റത്തവണ പുനഃസംഘടനയ്ക്കു പകരം കിട്ടാക്കട കാലാവധി കൂട്ടുന്നതാണ് ഉചിതം. ധനസമാഹരണത്തിനുള്ള സെക്യൂരിറ്റി വ്യവസ്ഥകളില്‍ ഇളവുവേണമെന്നും ആവശ്യപ്പെട്ടു. ബാങ്കിതര ധനസ്ഥാപനങ്ങള്‍ക്കുള്ള ഭാഗിക ക്രെഡിറ്റ് ഗ്യാരണ്ടി സ്‌കീം (പിസിജിഎസ്) 24 മാസമായി ഉയര്‍ത്തണം. ടിഎല്‍ടിആര്‍ഒ സ്‌കീം മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണം. പ്രത്യേക പണലഭ്യത പദ്ധതി 12 മാസം വരെ നീട്ടണമെന്നും അഭ്യര്‍ഥിച്ചു.