രാജ്യത്തെ ഏതെങ്കിലും മേഖലയ്ക്ക് സഹായം വേണമെന്നുള്ള ആവശ്യം ഉയര്‍ന്നാല്‍ സ്വാഗതം ചെയ്യുമെന്ന് ധനമന്ത്രി; മന്‍മോഹന്‍ സിങ്ങിന്റെ വാക്കുകള്‍ വ്യക്തിപരമോ സത്യമോ എന്നും ചര്‍ച്ച സജീവമാകുമ്പോള്‍

September 03, 2019 |
|
News

                  രാജ്യത്തെ ഏതെങ്കിലും മേഖലയ്ക്ക് സഹായം വേണമെന്നുള്ള ആവശ്യം ഉയര്‍ന്നാല്‍ സ്വാഗതം ചെയ്യുമെന്ന് ധനമന്ത്രി; മന്‍മോഹന്‍ സിങ്ങിന്റെ വാക്കുകള്‍ വ്യക്തിപരമോ സത്യമോ എന്നും ചര്‍ച്ച സജീവമാകുമ്പോള്‍

ഡല്‍ഹി: രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണെന്ന ചര്‍ച്ച സജീവമാകുന്ന വേളയിലാണ് ഇന്ത്യയുടെ ജിഡിപി നിരക്ക് കുറയ്ക്കാന്‍ കാരണമായത് മോദി സര്‍ക്കാരിന്റെ നയങ്ങളാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പ്രസ്താവന നടത്തിയത്. ഈ വേളയിലാണ് അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും സര്‍ക്കാരിനെതിരെയുള്ള ഈ വിമര്‍ശനത്തിന് മറുപടി നല്‍കാനാവില്ലെന്നും ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചത്. മാത്രമല്ല ഈ വേളയിലാണ് തങ്ങളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരുമായി ആശയ വിനിമയം നടത്താന്‍  ഏതെങ്കിലും മേഖലയിലുള്ളവര്‍ താല്‍പര്യം കാണിക്കുകയാണെങ്കില്‍ അവരെ സ്വാഗതം ചെയ്യുമെന്നും ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചത്.

വാഹന വിപണിയിലെ മാന്ദ്യം അടക്കം നിരവധി വ്യാപാര മേഖലയില്‍ വന്‍ തിരിച്ചടി നേരിട്ടിരിക്കുന്ന സമയത്താണ് നിര്‍മ്മലാ സീതാരാമന്റെ അറിയിപ്പ്. അതിനാല്‍ തന്നെ രാജ്യത്തെ മിക്ക മേഖലകളില്‍ നിന്നുള്ളവരും തങ്ങളുടെ രംഗത്ത് നേരിടുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാരിന് മുന്‍പില്‍ ഒന്നുകൂടി സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ്. വാഹന വിപണിയില്‍ സാരമായ തിരിച്ചടി നേരിട്ട സമയത്ത് ജിഎസ്ടി നിരക്ക് കുറയ്ക്കുന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ കമ്പനികള്‍ മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ ജിഎസ്ടി കുറയ്ക്കുക എന്നത് തന്റെ മാത്രം നിയന്ത്രണത്തില്‍ ഉള്ള കാര്യമല്ലെന്നും അതാത് സംസ്ഥാനത്തിന്റെ ധനമന്ത്രിമാരും ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് എന്നും നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചിരുന്നു.

എന്നാല്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ പ്രസ്താവന മോദി സര്‍ക്കാരിന് കടുത്ത തിരിച്ചടിയായിരിക്കുകയാണ്. മന്‍മോഹന്‍ പറഞ്ഞ വാക്കുകള്‍ തന്നെയാണോ ഇപ്പോള്‍ നടക്കുന്നത് എന്ന ചോദ്യവും സമൂഹ മാധ്യമത്തിലടക്കം ഇപ്പോള്‍ ഉയരുന്നുണ്ട്.  ജൂണിലവസാനിച്ച ഒന്നാം പാദത്തിലെ വളര്‍ച്ചാ നിരക്ക് ആറ് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലേക്കെത്തിയതിന് പിന്നിലെയാണ് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മന്‍മോഹന്‍ സിംഗ് ഇപ്പോള്‍ രംഗത്തെത്തിയിട്ടുള്ളത്. ഇന്ത്യ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയാണെന്നും രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്.

ജൂണ്‍ 30 ന് അവസാനിച്ച ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച്  ശതമാനത്തിലേക്ക് ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് എത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാകുന്നത്. എന്നാല്‍ 2018-2019 സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും അവസാന പാദത്തില്‍ വളര്‍ച്ചാ നിരക്കായി ആകെ രേഖപ്പെടുത്തിയത് 5.8 ശതമാനമായിരുന്നു. 

ജിഎസ്ടിയുടെ പ്രത്യാഘാതം രാജ്യം ഇപ്പോഴും അനുഭവിക്കുകയാണെന്നും,  ഇതില്‍ നിന്ന് കരകയറാനായിട്ടില്ലെന്നും മന്‍മോഹന്‍ സിംഗ് കുറ്റപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലും സര്‍ക്കാര്‍ കൂടുതല്‍ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരുന്നത് ശരിയല്ലെന്നും മന്‍മോഹന്‍ സിംഗ് വ്യക്തമാക്കി. ഇത്തരം നയങ്ങള്‍ സര്‍ക്കാര്‍ പിന്തുടരുന്നത് ഒഴിവാക്കണമെന്നും, ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സര്‍ക്കാര്‍ പ്രതികാര രാഷ്ട്രീയം മാറ്റിവെക്കണമെന്നും മന്‍മോഹന്‍ സിംഗ് അഭ്യര്‍ത്ഥിച്ചു. കാര്യങ്ങളെ പക്വപരമായി നേരിടണമെന്നാണ് മന്‍മോഹന്‍ സിംഗ് ചൂണ്ടിക്കാട്ടുന്നത്.  

നിക്ഷേപ മേഖലയിലും, സ്വകാര്യ മേഖലയിലും വന്‍ പ്രതിസന്ധി തന്നെയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. ഇതില്‍ നിന്ന് കരകയറണമെങ്കില്‍ രാജ്യം കൂടുതല്‍ ജാഗ്രത കാട്ടണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ഒന്നടങ്കം പറയുന്നത്. ഇന്ത്യ അതിവേഗം വളരുന്ന സാമ്പത്തിക രാജ്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞ എല്ലാ വാദങ്ങളും പൊള്ളയാണെന്നാണ് ഈ കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. നിര്‍മ്മാണ മേഖലയിലും, കാര്‍ഷിക മേഖലയിലും ഇപ്പോഴും മോശം പ്രകടനം തന്നെയാണ് തുടരുന്നത്.

Related Articles

© 2025 Financial Views. All Rights Reserved