
ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുവദിച്ച 1.76 ലക്ഷം കോടിയുടെ ഉത്തേജന പാക്കേജ് വിനിയോഗിക്കാനുള്ള വാതിലുകള്‍ തുറന്നിടുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. പണം എങ്ങനെ വിനിയോഗിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും വൈകാതെ തന്നെ ഇതിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങളെ അറിയിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. പുനെയില്‍ വ്യാപാരികളുമായും സംരംഭകരുമായും നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴാണ് കരുതല്‍ ധനത്തില്‍ നിന്നും 1.76 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാരിന് കൈമാറാമെന്ന ആര്‍ബിഐ തീരുമാനവും വന്നിരിക്കുന്നത്.
മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ബിമല്‍ ജലാന്‍ സമിതിയുടെ ശുപാര്‍ശയ്ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കേന്ദ്ര ബോര്‍ഡിന്റെ അംഗീകാരം വന്നതോടെ ധനകമ്മി കുറയ്ക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കാണ് സഹായമാവുന്നത്. സമിതിയുടെ ശുപാര്‍ശ കേന്ദ്ര ബോര്‍ഡ് അംഗീകരിച്ചതോടെ 2020 മാര്‍ച്ചിനകം ബജറ്റില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ 64 ശതമാനം അധികം തുക ആര്‍ബിഐയില്‍ നിന്നും ലഭിക്കും. ആര്‍ബിഐയ്ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1,23,414 കോടി രൂപയാണ് നീക്കിയിരിപ്പായുള്ളത്.
ഈ തുകയും പുതുക്കിയ മൂലധനച്ചട്ടക്കൂട് (ഇസിഎഫ്) പ്രകാരം കണ്ടെത്തിയ 52,637 കോടി രൂപയും അടക്കം 1,76,051 കോടി രൂപയാണ് പുത്തന്‍ തീരുമാനത്തിലൂടെ സര്‍ക്കാരിന് ലഭിക്കുന്നത്. എന്നാല്‍ ഈ വേളയില്‍ ഇതിനൊപ്പം തന്നെ ചര്‍ച്ചയാകുകയാണ് ആര്‍ബിഐ ഗവര്‍ണറായിരുന്ന ഊര്‍ജിത് പട്ടേലിന്റെ രാജി. കരുതല്‍ ധനം കൈമാറുന്നത് സംബന്ധിച്ച് അദ്ദേഹത്തിനുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങളാണ് അദ്ദേഹത്തിന്റെ രാജിയിലേക്ക് നയിച്ചത്.
രണ്ട് വര്‍ഷമായി സര്‍ക്കാരും ആര്‍ബിഐയും തമ്മില്‍ ഇതു സംബന്ധിച്ച് വലിയ തര്‍ക്കം നിലനിന്നിരുന്നു. കരുതല്‍ ധനശേഖരത്തില്‍ നിന്ന് തുകയെടുത്ത് ധനക്കമ്മി കുറയ്ക്കുന്നതിന് പ്രയോജനപ്പെടുത്താനാണ് നീക്കം നടക്കുന്നത്. രാജ്യത്ത് കടുത്ത സാമ്പത്തിക മാന്ദ്യമുണ്ടെന്ന് തുറന്നു സമ്മതിച്ച് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ചരിത്രത്തില്‍ ഇന്നോളമുണ്ടായിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും സാമ്പത്തിക മേഖലയാകെ മുരടിപ്പിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.