
മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ ചരക്ക് സേവന നികുതി വിജയകരമായി നടപ്പാക്കിയതിനെ അനുസ്മരിച്ച് ധനമന്ത്രാലയം നിരവധി ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തു. ഇന്ന് അരുണ്‍ ജെയ്റ്റ്ലിയെ ഓര്‍മിക്കുമ്പോള്‍, ജിഎസ്ടി നടപ്പാക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് തീര്‍ച്ചയായും അംഗീകരിക്കണമെന്നും അത് ഇന്ത്യയിലെ നികുതി മേഖലയിലെ ഏറ്റവും അടിസ്ഥാനപരമായ പരിഷ്‌കാരങ്ങളിലൊന്നായി ചരിത്രത്തില്‍ ഇടംപിടിക്കുമെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്തു.
2014 മുതല്‍ മോദി സര്‍ക്കാരിന്റെ ആദ്യ ടേമില്‍ ധനകാര്യ മന്ത്രി സ്ഥാനം വഹിച്ച ജെയ്റ്റ്ലി 2017 ജൂലൈ 1നാണ് ജിഎസ്ടി നടപ്പാക്കിയത്. ജിഎസ്ടി ആളുകളുടെ നികുതി നിരക്ക് കുറച്ചതായും നികുതിദായകരുടെ എണ്ണം 1.24 കോടി ആക്കി വര്‍ധിപ്പിച്ചതായും ധനമന്ത്രാലയം ട്വീറ്റ് ചെയ്തു. 40 ലക്ഷം രൂപ വരെ വാര്‍ഷിക വിറ്റുവരവുള്ള ബിസിനസുകള്‍ക്ക് ജിഎസ്ടി ഒഴിവാക്കിയിട്ടുണ്ട്. തുടക്കത്തില്‍ ഈ പരിധി 20 ലക്ഷം രൂപയായിരുന്നു. കൂടാതെ, 1.5 കോടി രൂപ വരെ വിറ്റുവരവുള്ളവര്‍ക്ക് കോമ്പോസിഷന്‍ സ്‌കീം തിരഞ്ഞെടുത്ത് ഒരു ശതമാനം നികുതി മാത്രം നല്‍കാം.
ജിഎസ്ടി നടപ്പാക്കിയതോടെ ധാരാളം വസ്തുക്കളുടെ നികുതി നിരക്ക് കുറച്ചു. നിലവിലെ കണക്കനുസരിച്ച്, 28 ശതമാനം നിരക്ക് മിക്കവാറും ആഡംബര വസ്തുക്കള്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. 28 ശതമാനം സ്ലാബിലെ 230 ഇനങ്ങളില്‍ 200 ഓളം സാധനങ്ങള്‍ താഴിന്ന സ്ലാബുകളിലേക്ക് മാറ്റിയതായി മന്ത്രാലയം അറിയിച്ചു. ഭവന മേഖലയെ അഞ്ച് ശതമാനം സ്ലാബില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മിതമായ നിരക്കില്‍ ഭവന നിര്‍മ്മാണത്തിനുള്ള ജിഎസ്ടി ഒരു ശതമാനമായി കുറച്ചിട്ടുണ്ട്.
ഹെയര്‍ ഓയില്‍, പേസ്റ്റ്, സോപ്പ് തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ നികുതി നിരക്ക് 29.3 % ല്‍ നിന്ന് 18 %ആയി കുറച്ചു. ഫ്രിഡ്ജ്, വാഷിങ്ങ് മെഷീന്‍, വാക്വംക്ലീനര്‍, ഗ്രൈന്‍ഡര്‍, മിക്സി, വാട്ടര്‍ ഹീറ്റര്‍, 32 ഇഞ്ച് വരെയുള്ള ടിവി എന്നിവയുടെ നികുതി ജിഎസ്ടി നടപ്പാക്കിയതോടെ 31.3 % ല്‍ നിന്ന് 18 % ആയി കുറഞ്ഞു. സിനിമ ടിക്കറ്റുകള്‍ക്കുള്ള നികുതി മുന്‍പ് 35 % നും 110 % നും ഇടയിലായിരുന്നു. 12 % വും 18 % വും ആയി ജിഎസ്ടി സംവിധാനത്തില്‍ കുറഞ്ഞു.
ജിഎസ്ടിയിലെ എല്ലാ പ്രക്രിയകളും പൂര്‍ണ്ണമായും ഓട്ടോമാറ്റിക്കാക്കി. ഇതുവരെ 50 കോടി റിട്ടേണ്‍ ഓണ്‍ലൈനില്‍ സമര്‍പ്പിക്കുകയും 131 കോടി ഇ-വേ ബില്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണെന്നും മന്ത്രാലയം വ്യക്തമാക്കി. ജിഎസ്ടിക്ക് മുമ്പുള്ള കാലഘട്ടത്തിലെ ഉയര്‍ന്ന നികുതി നിരക്കുകള്‍ നികുതി അടയ്ക്കുന്നതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചപ്പോള്‍ ജിഎസ്ടിക്ക് കീഴിലുള്ള കുറഞ്ഞ നിരക്കുകള്‍ നികുതി പാലിക്കല്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചതായി മന്ത്രാലയം അറിയിച്ചു. ജിഎസ്ടി ആരംഭിച്ച സമയത്ത് അതിന്റെ പരിധിയില്‍ വന്നവരുടെ എണ്ണം 65 ലക്ഷമായിരുന്നു. ഇപ്പോള്‍ ഇത് 1.24 കോടി കവിഞ്ഞു.