
പേയ്മെന്റ് ബാങ്കായ ഫിനോ പേയ്മെന്റ് ബാങ്കിന്റെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് സെബിയുടെ അനുമതി. ഐപിഒയിലൂടെ 1,300 കോടി രൂപ ഓഹരി വില്‍പ്പനയ്ക്കാണ് മുംബൈ ആസ്ഥാനമായുള്ള ഫിന്‍ടെക്ക് കമ്പനി ഒരുങ്ങുന്നത്. 300 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 1000 കോടി രൂപയുടെ സെക്കന്‍ഡറി ഓഹരി വില്‍പ്പനയും അടങ്ങുന്നതായിരിക്കും ഐപിഒ. ജുലൈയിലാണ് കമ്പനി പ്രാരംഭ ഓഹരി വില്‍പ്പനയുടെ മുന്നോടിയായ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രൊസ്പെക്ടസ് സമര്‍പ്പിച്ചത്.
2007 ല്‍ ഫിനോ ഫിന്‍ടെക്ക് ഫൗണ്ടേഷന്‍ ലിമിറ്റഡ് എന്ന പേരില്‍ സ്ഥാപിതമായ കമ്പനി 2015ലാണ് ഫിനോ ഫിന്‍ടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലേക്ക് പുനര്‍നാമകരണം ചെയ്തു. അതേ വര്‍ഷം തന്നെ പേയ്‌മെന്റ് ബാങ്ക് സ്ഥാപിക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അംഗീകാരവും നല്‍കി. എന്നിരുന്നാലും, പ്രവര്‍ത്തനം ആരംഭിച്ചത് 2017 ജൂണിലാണ്. ഫിനോ പേയ്മെന്റ് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാണ് റിഷി ഗുപ്ത.
ഫിനോ ഫിന്‍ടെക്കിന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളായിരുന്നു ഇദ്ദേഹം. അതേസമയം, രാജ്യത്തെ പ്രമുഖ ഫിന്‍ടെക്ക് സ്ഥാപനമായ പേടിഎമ്മിന് ഈ ആഴ്ച തന്നെ ഐപിഒയ്ക്കുള്ള അനുമതി ലഭിക്കുമെന്നാണ് വിവരം. പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ 16,600 കോടി രൂപ (2.2 ബില്യണ്‍ ഡോളര്‍) സമാഹരിക്കാനാണ് പേടിഎം ലക്ഷ്യമിടുന്നത്. അതിന്റെ പകുതിയും പുതിയ ഓഹരികളുടെ വില്‍പ്പനയായിരിക്കും.