
മുംബൈ: ക്രൂഡ് ഓയിലും പ്രകൃതിദത്ത വാതകവും ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ ഒഎന്‍ജിസി പ്ലാന്റില് തീപിടുത്തം. മുംബൈ നഗരത്തിന് സമീപത്തുള്ള ഉറന്‍ എന്ന സ്ഥലത്തെ പ്ലാന്റില്‍ ചൊവ്വാഴ്ച്ച പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ മൂന്നു പേര്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.
അപകടത്തെ തുടര്‍ന്ന് പ്ലാന്റിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം പൊലീസ് സീല്‍ ചെയ്തു. ഇപ്പോഴും പ്ലാന്റില്‍ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. മുംബൈ നഗരത്തില്‍ നിന്നും 45 കിലോമീറ്റര്‍ അകെയുള്ള ഉറന്‍ പ്ലാന്റില്‍ ഗ്യാസും എണ്ണയും കടത്തിവിടുന്ന കുഴലില്‍ തീപിടുത്തമുണ്ടായതായി ഒഎന്‍ജിസി ട്വീറ്റ് ചെയ്തു.
എന്നാല്‍ തീപിടിത്തം എണ്ണ ഉല്‍പാദനത്തെ ബാധിക്കില്ലെന്നും ഒഎന്‍ജിസി അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ഇവിടത്തെ ഗ്യാസ് ഗുജറാത്തിലെ ഹസിറയിലുള്ള ഗ്യാസ് പ്ലാന്റിലേക്കു മാറ്റുകയാണ്. മുംബൈയില്‍ നിന്നും 330 കിലോമീറ്റര്‍ അകലെയാണ് ഈ പ്ലാന്റ്. പ്രകൃതിദത്ത വാതകവും ക്രൂഡ് ഓയിലും ഉല്‍പാദിപ്പിക്കുന്ന ഇന്ത്യയിലെ എറ്റവും വലിയ കമ്പനിയാണ് ഒഎന്‍ജിസി.