30 വയസ് പിന്നിട്ട് രാജ്യത്തെ ആദ്യ ഐടി പാര്‍ക്കായ ടെക്നോപാര്‍ക്ക്

July 29, 2021 |
|
News

                  30 വയസ് പിന്നിട്ട് രാജ്യത്തെ ആദ്യ ഐടി പാര്‍ക്കായ ടെക്നോപാര്‍ക്ക്

രാജ്യത്തെ ആദ്യ ഐടി പാര്‍ക്കായ തിരുവനന്തപുരം ടെക്നോപാര്‍ക്ക് മൂന്ന് പതിറ്റാണ്ട് പൂര്‍ത്തിയാക്കി 31-ാം വയസ്സിലേക്ക് പ്രവേശിച്ചു. ജൂലൈ 28നായിരുന്നു ടെക്നോപാര്‍ക്കിന്റെ സ്ഥാപക ദിനം. കേരളത്തിന് ഏറ്റവും അനുയോജ്യമായ വ്യവസായ, നിക്ഷേപ മേഖലയായ ഐടിയുടെ കുതിപ്പിന് നാന്ദികുറിച്ചത് ടെക്നോപാര്‍ക്കാണ്. ഇപ്പോഴും അത് തുടര്‍ന്നുവരുന്നു.

ഇലക്ട്രോണിക്സ് ടെക്നോളജി പാര്‍ക്സ്- കേരള എന്ന ഔദ്യോഗിക പേരില്‍ 1990 ജൂലൈ 28നാണ് ടെക്നോപാര്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ന് 460 ഐടി/ ഐടി അനുബന്ധ കമ്പനികള്‍ ടെക്നോപാര്‍ക്കില്‍ വിവിധ ഫെയ്സുകളിലായി പ്രവര്‍ത്തിക്കുന്നു. ആകെ 63,000 ജീവനക്കാരും ഇവിടെ ഉണ്ട്. കോവിഡ് പ്രതിസന്ധിയെ മറികടക്കുന്നതിലും ടെക്നോപാര്‍ക്ക് കരുത്ത് തെളിയിച്ചു. ഏറ്റവും പുതിയ ക്രിസില്‍ റേറ്റിങില്‍ ടെക്നോപാര്‍ക്കിന് എ പ്ലസ് സ്റ്റേബിള്‍ എന്ന ഉയര്‍ന്ന ക്രെഡിറ്റ് റേറ്റിങ് ലഭിച്ചത് ഈയിടെയാണ്.

മൂന്ന് പതിറ്റാണ്ടിനിടെ വളര്‍ച്ചയുടെ വിവിധ പടവുകള്‍ കയറി ടെക്നോപാര്‍ക്ക് തിരുവനന്തപുരത്തിന് പുറത്തേക്കും വികസിച്ചു. ഉപഗ്രഹ പാര്‍ക്കായി കൊല്ലത്തും ഇന്ന് വിശാലമായ ടെക്നോപാര്‍ക്ക് ഉണ്ട്. ടെക്നോപാര്‍ക്കില്‍ ഒരു കോടി ചതുരശ്ര അടി വിസ്തൃതിയില്‍ ഐടി ഓഫീസ് ഇടം ഇന്ന് ലഭ്യമാണ്. കൊല്ലം ടെക്നോപാര്‍ക്കില്‍ ഉള്‍പ്പെടെ 102.7 ലക്ഷം ചതുരശ്ര അടിയാണ് ഐടി കമ്പനികള്‍ക്കു വേണ്ടി ഒന്ന്, രണ്ട്, മൂന്ന് ഫെയ്സുകളിലായി ടെക്നോപാര്‍ക്ക് ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ ഐടി വ്യവസായ രംഗത്ത് പുതിയ കുതിപ്പിന് തുടക്കമിട്ട് ടെക്നോസിറ്റി എന്ന പേരില്‍ ഒരു ഇന്റഗ്രേറ്റഡ് ഐടി ടൗണ്‍ഷിപ്പാണ് ഇപ്പോള്‍ നടന്നു വരുന്ന ടെക്നോപാര്‍ക്കിന്റെ ഏറ്റവും പുതിയ വികസന പദ്ധതി.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved