സംസ്ഥാനത്ത് ധനവ്യയ നിയന്ത്രണത്തില്‍ ഇളവ് ഏര്‍പ്പെടുത്തി

January 18, 2020 |
|
News

                  സംസ്ഥാനത്ത് ധനവ്യയ നിയന്ത്രണത്തില്‍ ഇളവ് ഏര്‍പ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍   ധനവ്യയ നിയന്ത്രണത്തില്‍ ഭാഗിക ഇളവ് വരുത്താന്‍ മന്ത്രി തോമസ് ഐസക് നിര്‍ദേശിച്ചു. ട്രഷറി നിന്ത്രണവും കരാറുകാരുടെ ബില്ലുകള്‍ തടഞ്ഞുവെച്ചതും നിത്യചെലവ് ഇനങ്ങളെയും വികസന പ്രവര്‍ത്തനങ്ങളെയും ഗുരുതരമായി ബാധിക്കുന്നുവെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് നടപടി. നേരത്തെ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്ന അഞ്ച് ലക്ഷം വരെയുള്ള ബില്ലുകള്‍ മാറാന്‍ ട്രഷറികള്‍ക്ക് നിര്‍ദേശം നല്‍കി. ഇതിനായി എഴുന്നൂറ് കോടി രൂപയാണ് അനുവദിച്ചത്. 500 കോടി രൂപ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ബില്ലുകള്‍ക്കായാണ് വകയിരുത്തിയത്. വിവിധ വകുപ്പുകളുടെ ബില്ലുകള്‍ മാറാന്‍ 200 കോടി രൂപയും ഇതിനൊപ്പം നല്‍കാം.

നവംബര്‍,ഡിസംബര്‍ മാസങ്ങളില്‍  സമര്‍പ്പിച്ച ബില്ലുകള്‍ മാറുന്നതിനാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. ഇതിന് പുറമേ അഞ്ച് ലക്ഷത്തിന് മുകളിലുള്ള കോണ്‍ട്രാക്ടര്‍മാരുടെ ബില്ലുകളും മറ്റും ബാങ്കുകളും കെഎഫ്‌സിയും വഴി ഡിസ്‌കൗണ്ട് ചെയ്ത് നല്‍കുന്നതിനുള്ള ഉത്തരവും ഉടന്‍ പുറത്തിറക്കും. ഈ രീതി തെരഞ്ഞെടുക്കുന്നവര്‍ക്ക് ഉടന്‍ പണം ലഭിക്കുന്നതിനള്ള ക്രമീകരണങ്ങള്‍ അടിയന്തരമായി ഏര്‍പ്പെടുത്താനും മന്ത്രിനിര്‍ദേശം നല്‍കി. കേന്ദ്രം വായ്പാപരിധി വര്‍ധിപ്പിക്കാതിരിക്കുകയും കേരളത്തിനുള്ള നികുതി വിഹിതം അനുവദിക്കാതിരിക്കുകയും ചെയ്തതാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയത്.

Related Articles

© 2025 Financial Views. All Rights Reserved