
നടപ്പു സാമ്പത്തികവര്‍ഷം ഇന്ത്യയുടെ ആഭ്യന്തര വളര്‍ച്ചാ നിരക്ക് 10.5 ശതമാനം ചുരുങ്ങുമെന്ന് ആഗോള റേറ്റിങ് ഏജന്‍സിയായ ഫിച്ച് റേറ്റിങ് വിലയിരുത്തി. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തുവിട്ട ജൂണ്‍ പാദത്തിലെ കണക്കുകള്‍ കൂടി പരിഗണിച്ചാണ് വളര്‍ച്ചാ നിരക്ക് വെട്ടിച്ചുരുക്കാന്‍ ഫിച്ച് റേറ്റിങ് തീരുമാനിച്ചത്. നേരത്തെ, 5 ശതമാനമായിരുന്നു ഇന്ത്യയുടെ ആഭ്യന്തര വളര്‍ച്ചയില്‍ ഇവര്‍ പ്രവചിച്ചിരുന്ന തകര്‍ച്ച. എന്നാല്‍ ഏപ്രില്‍ - ജൂണ്‍ കാലയളവില്‍ 23.9 ശതമാനത്തിലേക്ക് ആഭ്യന്തര വളര്‍ച്ച കൂപ്പുകുത്തിയ സാഹചര്യത്തില്‍ 'മൊത്തം ചിത്രം' 10.5 ശതമാനം ഇടിവില്‍ വന്നുനില്‍ക്കുമെന്നാണ് ഫിച്ച് റേറ്റിങ്ങിന്റെ നിഗമനം.
കൊവിഡ് ഭീതിയും തുടര്‍ന്നു പ്രഖ്യാപിച്ച ലോക്ക്ഡൗണുമാണ് നടപ്പു സാമ്പത്തികവര്‍ഷം ആദ്യപാദം ഇന്ത്യയ്ക്ക് വിനയായത്. ഇതോടെ ജിഡിപി നിരക്ക് 23.9 ശതമാനം വീണു. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദം മൊത്തം മൂല്യവര്‍ധിത വളര്‍ച്ച (ജിവിഎ) 22.8 ശതമാനം ഇടിഞ്ഞു. ഉത്പാദനം 39.3 ശതമാനവും കുറഞ്ഞു. ഖനന മേഖലയില്‍ 23.3 ശതമാനം ഇടിവാണ് രാജ്യം കണ്ടത്. മൊത്ത സ്ഥിരമൂലധന രൂപീകരണം (ജിഎഫ്‌സിഎഫ്) 52.9 ശതമാനം പരിമിതപ്പെട്ടെന്ന് കേന്ദ്ര റിപ്പോര്‍ട്ട് പറയുന്നു. വൈദ്യുത വ്യവസായം 7 ശതമാനവും കെട്ടിട്ട നിര്‍മ്മാണ വ്യവസായം 50.3 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഇതേസമയം, ഏപ്രില്‍ - ജൂണ്‍ കാലയളവില്‍ കൃഷിയുമായി ബന്ധപ്പെട്ട മേഖലകള്‍ 3.4 ശതമാനം വളര്‍ച്ച കുറിച്ചത് അല്‍പ്പമെങ്കിലും ആശ്വാസമേകുന്നുണ്ട്.
ആഗോള ജിഡിപി നിരക്കിന്റെ കാര്യത്തിലും ഫിച്ച് റേറ്റിങ് പ്രവചനം കുറിച്ചിട്ടുണ്ട്. ആദ്യപാദ കണക്കുകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ 4.4 ശതമാനം ഇടിവ് ആഗോള വളര്‍ച്ചയില്‍ ഏജന്‍സി വിലയിരുത്തുന്നു. നേരത്തെ, -4.6 ശതമാനമായിരുന്നു ഇവരുടെ പ്രവചനം. ഫിച്ച് റേറ്റിങ്ങിനെ കൂടാതെ മറ്റൊരു സാമ്പത്തിക ഗവേഷണ ഏജന്‍സിയായ ഇന്ത്യാ റേറ്റിങ്സും 2020 വര്‍ഷത്തേക്കുള്ള ഇന്ത്യയുടെ ജിഡിപി നിരക്ക് പ്രവചിച്ചത് കാണാം. 2021 വര്‍ഷം -11.8 ശതമാനമായിരിക്കും ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്കെന്ന് ഇന്ത്യാ റേറ്റിങ്സ് പറയുന്നു. -5.3 ശതമാനത്തില്‍ നിന്നാണ് -11.8 ശതമാനമായി കണക്കുകള്‍ ഏജന്‍സി പരിഷ്‌കരിച്ചത്.
ഇതേസമയം, 2022 ഓടെ വളര്‍ച്ച ചടുലമാവും. 9.9 ശതമാനം വരെ വളര്‍ച്ച ഇന്ത്യ കൈവരിക്കുമെന്നാണ് ഇവര്‍ പറയുന്നു. എന്തായാലും നടപ്പു സാമ്പത്തികവര്‍ഷം ഇന്ത്യയ്ക്ക് വലിയ ക്ഷീണം ചെയ്യുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 18.44 ലക്ഷം കോടി രൂപയുടെ സാമ്പത്തിക നഷ്ടം രാജ്യത്തിന് സംഭവിക്കുമെന്നാണ് ഇന്ത്യാ റേറ്റിങ്സിന്റെ നിഗമനം. ചില്ലറ, മൊത്ത നാണയപ്പെരുപ്പം യഥാക്രമം 5.1 ശതമാനം, 1.7 ശതമാനം എന്നിങ്ങനെ നെഗറ്റീവ് വളര്‍ച്ച തൊടുമെന്നും ഏജന്‍സി പ്രവചിക്കുന്നുണ്ട്.