
ന്യൂഡല്‍ഹി: ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ 11 ശതമാനത്തില്‍ നിന്ന് 12.8 ശതമാനമായി ഉയര്‍ത്തി റേറ്റിങ് ഏജന്‍സിയായ ഫിച്ച്. മികച്ച രീതിയിലുള്ള കൊവിഡ് നിയന്ത്രണം, സമ്പദ് ഘടനയിലെ ഉണര്‍വ് എന്നിവ പരിഗണിച്ചാണ് ഏജന്‍സി റേറ്റിങ്ങ് പരിഷ്‌കരിച്ചത്. കോവിഡ് പ്രതിസന്ധിയില്‍ നിന്ന് രാജ്യം പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തിലാണ് വളര്‍ച്ച കൈവരിക്കുന്നതെന്ന് ഫിച്ച് വ്യക്തമാക്കി. 7.3ശതമാനം ചുരുങ്ങിയ സമ്പദ്ഘടന നാലാം പാദത്തിലെത്തിയപ്പോള്‍ 0.4ശതമാനം വളര്‍ച്ച നേടിയതായും ഫിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
2021ന്റെ തുടക്കത്തില്‍ മികച്ച വളര്‍ച്ചയിലേക്കാണ് സാമ്പത്തിക സൂചകങ്ങള്‍ വിരല്‍ചൂണ്ടുന്നത്. മാനുഫാക്ച്വറിങ് പിഎംഐ ഉയര്‍ന്ന നിരക്കിലെത്തിയതായും സര്‍വ്വീസ് പിഎംആയില്‍ മികവ് പ്രകടിപ്പിച്ചതായും ഫിച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 2021 ല്‍ 12 ശതമാനം വളര്‍ച്ച കൈവരിക്കാനിടയുള്ളതായി നേരത്തേ മൂഡിസും വ്യക്തമാക്കിയിരുന്നു.
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ 24.4 ശതമാനവും ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 7.3 ശതമാനവും ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം ചുരുങ്ങി. എന്നിരുന്നാലും, ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ ജിഡിപി വളര്‍ച്ച 0.4 ശതമാനം ഉയര്‍ന്നു. പ്രതീക്ഷിച്ചതിലും ശക്തമായ ഈ 0.4 ശതമാനം ജിഡിപി വളര്‍ച്ച ഇന്ത്യയുടെ ദീര്‍ഘകാല സാധ്യതകളെ കൂടുതല്‍ അനുകൂലമാക്കിയതായി മൂഡീസ് അനലിറ്റിക്‌സ് വ്യക്തമാക്കിയിരുന്നു.